ഫേസ്ബുക്ക് ചോര്‍ത്തിയത് 'കോണ്‍ഗ്രസ്'ന്റെ കമ്പനി

Tuesday 27 March 2018 8:10 pm IST
അഞ്ചുകോടി ആളുകളുടെ വിവരങ്ങളാണ് ഫേസ്ബുക്കില്‍ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയത്.ഈ കമ്പനിക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
"undefined"

ന്യൂദല്‍ഹി: കോടിക്കണക്കിനാളുകളുടെ ഫേസ്ബുക് അക്കൗണ്ടുകള്‍ ചോര്‍ത്തി വിവാദത്തിലായ ബ്രിട്ടിഷ് കമ്പനി ഇന്ത്യയില്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തല്‍. ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക്കയിലെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വിലി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നല്‍കിയ മൊഴിയിലാണ് കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

അഞ്ചു കോടി അമേരിക്കക്കാരുടെ ഫേസ്ബുക് രഹസ്യങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത് വിലിയായിരുന്നു. ഇതെത്തുടര്‍ന്നാണ് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ പ്രത്യേക അന്വേഷണ സമിതിക്കു മുമ്പില്‍ ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്. സംഭവം വിവാദമായപ്പോള്‍ മുതല്‍ ബ്രിട്ടിഷ് കമ്പനി ഇന്ത്യയില്‍ ബിജെപിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കു കനത്ത തിരിച്ചടിയാണ് ഈ വെളിപ്പെടുത്തല്‍. 

തെരഞ്ഞെടുപ്പു കാലത്ത് ഏതൊക്കെ തരത്തിലാണ് കേംബ്രിജ് അനലിറ്റക്കയെ  കോണ്‍ഗ്രസ് ഉപയോഗിച്ചതെന്ന് ഇനിയുള്ള ദിവസങ്ങളില്‍ പാര്‍ട്ടി വിശദീകരിക്കേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളില്‍ അനാവശ്യമായി ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

അമേരിക്കന്‍ തെരഞ്ഞെടുപ്പുകാലത്ത് അഞ്ചു കോടി ജനങ്ങളുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോര്‍ത്തിയതു സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ക്രിസ്റ്റഫര്‍ പാര്‍ലമെന്റ് സമിതിക്കു നല്‍കി. യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകാന്‍ ബ്രിട്ടനില്‍ സംഘടിപ്പിച്ച ബ്രെക്‌സിറ്റ് സര്‍വേ നിയന്ത്രിച്ചപ്പോള്‍ കേംബ്രിജ് അനലിറ്റിക്ക കാണിച്ച ചതികളെക്കുറിച്ചും വിശദീകരിച്ചു.

ഇതിനിടെ സമിതിയിലെ ലേബര്‍ പാര്‍ട്ടി അംഗം പോള്‍ ഫാരെല്ലിയാണ് അനലിറ്റിക്കയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിച്ചത്. ഇന്ത്യയിലെ അവരുടെ കക്ഷി കോണ്‍ഗ്രസാണെന്നായിരുന്നു ക്രിസ്റ്റഫറിന്റെ മറുപടി. പ്രാദേശിക, ദേശീയ തലങ്ങളില്‍  കോണ്‍ഗ്രസിനെ അനലിറ്റിക്ക സഹായിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ അത് ഏതു തരത്തിലാണെന്ന് അറിയില്ല. ഇന്ത്യയിലെ ഒരു സംസ്ഥാനം ബ്രിട്ടനേക്കാള്‍ വലുതാണെന്ന് എനിക്കറിയാം. അനലിറ്റിക്കയ്ക്ക് ഇന്ത്യയില്‍ ഓഫീസുകളും ജീവനക്കാരുമുണ്ട്, ക്രിസ്റ്റഫര്‍ പറഞ്ഞു. അനലിറ്റിക്കയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് തന്റെ പക്കല്‍ രേഖകളുണ്ടെന്നും അത് സമിതിക്കു മുന്നില്‍ ഹാജരാക്കാമെന്നും ക്രിസ്റ്റഫര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.