മണ്ണഞ്ചേരിയുടെ ഓമനയായി 'അപ്പു'

Wednesday 28 March 2018 2:00 am IST

 

മുഹമ്മ: അപ്പു ഇന്ന് മണ്ണഞ്ചേരിക്കാരുടെ ഓമനയാണ്. അവന് ഏത് സമയത്തും ഏത് വീട്ടിലും കയറിചെല്ലാം. വീട്ടുകാരുടെ കളിക്കൂട്ടുകാരനാവാം. ഏറെയും കുട്ടികളോടൊപ്പമാണ് അവന്റെ സഹവാസം. നാല് വയസ്സുള്ള ഇവന്‍ പീലി വിടര്‍ത്തി ആടുമ്പോള്‍ കാണികളെല്ലാം മറന്ന് ഇവനോടൊപ്പം ചേരും. അപ്പു എന്ന് എല്ലാവരും വിളിക്കുന്ന ഈ മയില്‍ ഇന്ന് മണ്ണഞ്ചേരിക്കാരുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണ്. 

 നാല് വര്‍ഷം മുമ്പ് മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്ക് സമീപം ഡയറിഫാം നടത്തുന്ന പേനത്ത് പ്രകാശ് ഷേണായിയുടെ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഇന്‍കുബേറ്ററില്‍ മുട്ടവിരിയിച്ചെടുത്ത കൂട്ടത്തില്‍ വ്യത്യസ്തമായ ഒരു കുഞ്ഞിനെ കണ്ടെത്തി. എന്നാല്‍ മയിലാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കുറേ നാളുകള്‍ക്ക് ശേഷം തലയിലെ പൂവില്‍ നിന്നാണ് ഇത് മയിലാണെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് വീട്ടുകാരോടൊപ്പം ഇണങ്ങി വളരാന്‍ തുടങ്ങി. ചോറും വെണ്ണയും തൈരുമൊക്കെ കഴിച്ച് ഇവന്‍ വളര്‍ന്നുവലുതായി. പിന്നീട് വീട്ടില്‍ നിന്ന് പതുക്കെ പുറത്തിറങ്ങിയ മയില്‍ മണ്ണഞ്ചേരിയിലെ വീടുകളിലും ആരാധനാലയങ്ങളിലും വിരുന്നുകാരനായെത്തി. ചെല്ലുന്നിടത്തെല്ലാം ഇവന്‍ അവരുമായി പെട്ടെന്ന് ഇണങ്ങിചേര്‍ന്നു. പകല്‍ എവിടെയാണെങ്കിലും രാത്രി ചേക്കേറാന്‍ കൃത്യമായി പ്രകാശ് ഷേണായിയുടെ വീട്ടിലെത്തും. വീട്ടുവളപ്പിലെ ആഞ്ഞിലിമരത്തിന്റെ മുകളിലാണ് ഇവന്റെ താമസം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.