കടുത്ത തിരിച്ചടിക്കൊരുങ്ങി റഷ്യ

Wednesday 28 March 2018 3:16 am IST
"undefined"

മോസ്‌കോ: അമേരിക്കയുടേയും ബ്രിട്ടന്റേയും സഖ്യകക്ഷികളില്‍പ്പെട്ട ഇരുപതു രാജ്യങ്ങളില്‍ നിന്ന് നൂറോളം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടിക്കെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി റഷ്യ. അമേരിക്കയ്ക്കും റഷ്യക്കും പുറമെ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ പ്രധാന യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി.  

ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ച മുന്‍ ചാരനെ ബ്രിട്ടനില്‍ രാസവാതക പ്രയോഗത്തിലൂടെ വധിക്കാന്‍ റഷ്യ ശ്രമിച്ചു എന്ന ആരോപണത്തിലാണ് ഈ നീക്കം.

ബ്രിട്ടന്റെ ആരോപണത്തിനു പിന്തുണ നല്‍കാനാണ് വിവിധ രാജ്യങ്ങള്‍ റഷ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്. അമേരിക്ക മാത്രം അറുപത് ഉദ്യോഗസ്ഥരെ പുറത്താക്കി. ഒരു രാജ്യത്തിന്റെ ഇത്രയധികം നയതന്ത്ര ഉദ്യോഗസ്ഥരെ മറ്റുരാജ്യങ്ങള്‍ ഇത്തരത്തില്‍ പുറത്താക്കുന്നത് ലോക ചരിത്രത്തില്‍ത്തന്നെ ഇതാദ്യം. എന്നാല്‍ കടുത്ത തിരിച്ചടിക്കുള്ള ശുപാര്‍ശ റഷ്യന്‍ വിദേശകാര്യ വകുപ്പ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനു സമര്‍പ്പിച്ചിട്ടുണ്ട്. പുടിന്‍ അംഗീകാരം നല്‍കിയാല്‍ ഇന്നോളമില്ലാത്ത തരത്തിലുള്ള നയതന്ത്ര തിരിച്ചടിക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

ബ്രിട്ടനില്‍ താമസിച്ചിരുന്ന റഷ്യന്‍ മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും മകള്‍ യൂലിയയെയും റഷ്യ രാസവാതക പ്രയോഗത്തിലൂടെ കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു ബ്രിട്ടന്റെ ആരോപണം. ബ്രിട്ടനിലെ സോള്‍സ്‌ബെറിയില്‍ വെച്ചു നടന്ന ഈ നീക്കത്തെ തങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനം എന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ വിശേഷിപ്പിച്ചത്. കടുത്ത നടപടി വേണം എന്ന ബ്രിട്ടന്റെ ആവശ്യം റഷ്യ തള്ളുകയായിരുന്നു. ഇതില്‍ പ്രകോപിതരായ ബ്രിട്ടന്‍ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. അത്രതന്നെ ഉദ്യോഗസ്ഥരെ പുറത്താക്കി റഷ്യ തിരിച്ചടിച്ചു. 

പിന്നീട് അമേരിക്കയുമൊത്ത് നാറ്റോ രാജ്യങ്ങള്‍ക്കിടയില്‍ റഷ്യക്കെതിരെ ബ്രിട്ടന്‍ നടത്തിയ പ്രചാരത്തിന്റെ ഫലമാണ് കഴിഞ്ഞ ദിവസത്തെ സംയുക്ത നീക്കം. ചാരനെ വധിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും അമേരിക്കയും മറ്റുരാജ്യങ്ങളും ഇങ്ങനെ പെരുമാറിയത് നിരാശാ ജനകമാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് ദമിത്രി പെസ്‌കോവ് പറഞ്ഞു. എങ്ങിനെ മറുപടി നല്‍കണമെന്ന കാര്യത്തില്‍ പുടിന്റെ തീരുമാനത്തിനു കാക്കുകയാണെന്നും പെസ്‌കോവ് പറഞ്ഞു. 

അമേരിക്ക, ബ്രിട്ടന്‍, അല്‍ബേനിയ, ഓസ്ട്രിയ, കാനഡ, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, ഡെന്മാര്‍ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ഇറ്റലി, ലാത്വിയ, ലുത്വാനിയ, നെതര്‍ലന്‍ഡ്‌സ്, നോര്‍വെ,പോളണ്ട്, റൊമേനിയ, സ്‌പെയിന്‍, സ്വീഡന്‍, ഉക്രെയിന്‍ എന്നീ രാജ്യങ്ങളാണ് ഇതുവരെ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.