മിസൈല്‍ വിദ്യയില്‍ 2020 ഓടെ ഇന്ത്യ സ്വയം പര്യാപ്തമാകും

Wednesday 28 March 2018 2:34 am IST

ന്യൂദല്‍ഹി: രണ്ട് വര്‍ഷത്തിനുള്ളില്‍ മിസൈല്‍ സാങ്കേതിക വിദ്യയില്‍ പൂര്‍ണ്ണ സ്വയം പര്യാപ്തത നേടാന്‍ ഒരുങ്ങി ഇന്ത്യ. ഇന്ത്യയുടെ ഗവേഷണ ഏജന്‍സി ഡിആര്‍ഡിഒ ആണ് 2020 ഓടെ ഇന്ത്യയെ മിസൈല്‍ ടെക്‌നോളജിയില്‍ സ്വയം പര്യാപ്തമാക്കാന്‍ തയ്യാറെടുക്കുന്നത്. 

ലക്ഷ്യ സ്ഥാനം കണ്ടെത്താന്‍ മിസൈലിനു മുന്നില്‍ ഘടിപ്പിക്കുന്ന ഉപകരണം (സീക്കര്‍) ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ ഡിആര്‍ഡിഒ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. മിസൈലിന്റെ മൊത്തം ചെലവില്‍ 30 മുതല്‍ 40 ശതമാനം വരെ വേണ്ടി വരുന്ന ഉപകരണം സ്വയം നിര്‍മ്മിക്കുന്നതിലൂടെ 15,000 മുതല്‍ 20,000 കോടി രൂപയാണ് ഇന്ത്യക്ക് ലാഭം. 

2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ മിസൈല്‍ ഭാഗങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കാന്‍ നൂതന മിസൈല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ യ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ വികസിപ്പിച്ച സീക്കറുകള്‍ ഘടിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെയും ക്രൂയിസ് മിസൈലിന്റെയും പരീക്ഷണങ്ങള്‍ വിജയം കണ്ടതോടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ക്ക് തന്ത്രപ്രധാന മിസൈലുകള്‍ നിര്‍മ്മിക്കുന്നതിലുള്ള സാമര്‍ത്ഥ്യമാണ് തെളിയിച്ചിരിക്കുന്നത്. ഇത്തരം കര്‍മ്മപദ്ധതികളുമായി മുന്നോട്ട് പോകാനാണ് ഗവേഷണ ഏജന്‍സിയുടെ തീരുമാനം. 

ആദ്യമായാണ്  ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് എന്ന പരമാവധി വേഗത്തില്‍ സഞ്ചരിച്ച് ബ്രഹ്മോസ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നത്. 33 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് മിസൈലിനെ നയിച്ച ഇന്ത്യന്‍ നിര്‍മ്മിത സീക്കറിന്റ കൃത്യമാണിത് വ്യക്തമാക്കുന്നത്. 5,500 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യ സ്ഥാനം വരെ തകര്‍ക്കാനാകുന്ന അഗ്നി പോലുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഇന്ത്യക്ക് നേരത്തെ തന്നെ സ്വന്തമാണ്. 

എന്നാല്‍ മിസൈലുകളെ കൃത്യമായി ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന സീക്കറുകള്‍ ഇതുവരെ വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ വാങ്ങിയിരുന്നത്. അസ്ത്ര, നാഗാ, ആകാശ് തുടങ്ങി നിരവധി മിസൈലുകളിലും ഇന്ത്യന്‍ സീക്കറുകള്‍ മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. 

ഇനി മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന എല്ലാ മിസൈലുകളിലും സ്വന്തമായി വികസിപ്പിച്ച സീക്കറുകള്‍ ഉപയോഗിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.