ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് നാല് മണിക്കൂര്‍ മൊബൈല്‍ ടവറില്‍

Wednesday 28 March 2018 3:00 am IST
"undefined"

ചങ്ങനാശ്ശേരി: പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി ആരോപിച്ച് യുവാവ് ബിഎസ്എന്‍എല്‍ മൊബൈല്‍ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. നാലുമണിക്കൂറോളം ഭീഷണി മുഴക്കിയ മാന്നാനം കുന്നുംപുറത്ത് വീട്ടില്‍ ബിനീഷ് (32) ആണ് പോലീസിനെയെും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് ഇയാള്‍ വേഴയ്ക്കാട്ടുചിറ ബസ്സ്സ്റ്റാന്റിന് സമീപത്തുള്ള ബഹുനിലകെട്ടിടത്തിന് മുകളിലുള്ള ബിഎസ്എന്‍എല്‍ ടവ്വറില്‍ കയറിയത്.  തുടര്‍ന്ന്  മൊബൈലില്‍ ഫയര്‍ഫോഴ്സില്‍ വിളിച്ച് താന്‍ടവറിന്റെ മുകളില്‍ കയറിയെന്നും തിരുവല്ല പോലീസിന്റെ പീഡനം സഹിക്കവയ്യാതെയാണിതെന്നും ബിനീഷ് പറഞ്ഞു.  ഫയര്‍ഫോഴ്സ് ചങ്ങനാശ്ശേി പോലീസില്‍ വിവരം അറിയിച്ചു. 

പോലീസും ഫയര്‍ഫോഴ്സും  നിരവധിതവണ താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍  കൂട്ടാക്കിയില്ല.  പുളിക്കീഴ് സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്തതെന്നും അതിനാല്‍ തിരുവല്ല സിഐ എത്തിയാല്‍ മാത്രമേ ടവ്വറില്‍ നിന്നിറങ്ങുകയുള്ളുവെന്നും  പറഞ്ഞു. 

 അഭിഭാഷകനായ മാധവന്‍പിള്ള എത്തി. ബിനീഷുമായി ഫോണില്‍ സംസാരിച്ചു. എങ്കിലും ബിനീഷ് ഇറങ്ങാന്‍ തയ്യാറായില്ല. വീണ്ടും ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് 4ന് ഇയാള്‍ തനിയെ ഇറങ്ങി വന്നു. താന്‍ സ്നേഹിക്കുന്ന യുവതിയെ തിരുവല്ല പോലീസ് കള്ളക്കേസില്‍ കുടുക്കി.   ഒരു പോലീസുകാരന്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. 

ഇത് താന്‍ ചോദ്യം ചെയ്തപ്പോഴാണ് തന്നെ പോലീസ് വേട്ടയാടാന്‍ തുടങ്ങിയതെന്ന് ബിനീഷ് പറഞ്ഞു. അതേസമയം യുവതി മാനസിക പീഡനത്തിന് നല്‍കിയ പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആത്മഹത്യാ നാടകമെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യ ഭീഷണി മുഴക്കിയ പ്രതി പുളിക്കീഴ് സ്റ്റേഷനിലെ ഫര്‍ണിച്ചറുകള്‍ അടച്ചു തകര്‍ത്ത കേസില്‍ മൂന്നു മാസം മുന്‍പ്  13 ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.