വംഗദേശം കീഴടക്കി കേരളം

Wednesday 28 March 2018 3:19 am IST
കളിയുടെ തുടക്കത്തില്‍ ഇരു ടീമും എതിരാളികളെ പഠിക്കാനാണ് ശ്രമിച്ചത്. ഇതോടെ കൡ പ്രതിരോധത്തിലായി. അഞ്ചാം മിനുട്ടില്‍ തന്നെ കേരള ഗോള്‍മുഖം ഒന്ന് വിറച്ചെങ്കിലും ബിദ്യാസാഗര്‍ സിങിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു. പതിയെ കേരളവും ആക്രമണ ഫുട്‌ബോളിലേക്ക് തിരിഞ്ഞു.
"undefined"

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ കുതിപ്പിന് തടയിടാന്‍ ആതിഥേയര്‍ക്കും കഴിഞ്ഞില്ല. ഇന്നലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കേരളം ഏകപക്ഷീയമായ ഒരു ഗോളിന് ബംഗാളിനെ പരാജയപ്പെടുത്തി. ഇതോടെ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി. നേരത്തെ തന്നെ സെമി ഉറപ്പിച്ച കേരളത്തിനായി 90-ാം മിനിറ്റില്‍ കെ.പി. രാഹുലാണ് വംഗദേശത്തിനെതിരെ വിജയഗോള്‍ നേടിയത്.

എ ഗ്രൂപ്പിലെ നാല് മത്സരങ്ങളിലും വിജയം കുറിച്ചാണ് കേരളം സെമി ഫൈനല്‍ പോരാട്ടത്തിലേക്ക് പോകുന്നത്. നാല് കളികളില്‍ നിന്നും 12 പോയിന്റ് നേടിയ കേരളം 15 ഗോളുകള്‍ എതിരാളികളുടെ വലയില്‍ വീഴ്ത്തിയപ്പോള്‍ തിരികെ വാങ്ങിയത് ഒരെണ്ണം മാത്രമാണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ബംഗാളും നേരത്തെ സെമി യോഗ്യത നേടിയിരുന്നു. 

കളിയുടെ തുടക്കത്തില്‍ ഇരു ടീമും എതിരാളികളെ പഠിക്കാനാണ് ശ്രമിച്ചത്. ഇതോടെ കൡ പ്രതിരോധത്തിലായി. അഞ്ചാം മിനുട്ടില്‍ തന്നെ കേരള ഗോള്‍മുഖം ഒന്ന് വിറച്ചെങ്കിലും ബിദ്യാസാഗര്‍ സിങിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു. പതിയെ കേരളവും ആക്രമണ ഫുട്‌ബോളിലേക്ക് തിരിഞ്ഞു. ഒന്‍പതാം മിനിറ്റില്‍ കേരളത്തിന് ആദ്യ അവസരം. എന്നാല്‍ വി.കെ. അഫ്ദല്‍ നല്‍കിയ ക്രോസ് വലയിലേക്ക് തിരിച്ചുവിടാന്‍ കെ.പി. രാഹുലിന് കഴിഞ്ഞില്ല. പിന്നീട്  തുടര്‍ച്ചയായി ബംഗാള്‍ ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലം ഗോള്‍ വിട്ടുനിന്നു. 33-ാം മിനിറ്റില്‍ ബംഗാളിന് ലീഡ് നേടാന്‍ ലഭിച്ച അവസരവും മുതലാക്കാനായില്ല. ഗോളിമാത്രം മുന്നില്‍നില്‍ക്കേ ബിദ്യാസാഗര്‍ നല്‍കിയ ക്രോസ് സുജയ ദത്ത പുറത്തേക്കടിച്ചു കളഞ്ഞു. 41-ാം മിനുട്ടില്‍ ബിദ്യാസാഗര്‍ വലത് വശത്തു നിന്നും കേരള ഗോള്‍ മുഖത്തേക്ക് നല്‍കിയ ക്രോസ് കൂട്ടപ്പൊരിച്ചിലിനിടെ പ്രതിരോധം രക്ഷപ്പെടുത്തിയതോടെ ആദ്യ പകുതി ഗോള്‍രഹിതമായി.

ആദ്യപകുതിയില്‍ പ്രതിരോധത്തിന് ഊന്നല്‍ കൊടുത്താണ് കേരളം കളത്തിലിറങ്ങിയതെങ്കില്‍ രണ്ടാംപകുതിയില്‍ തന്ത്രം മാറ്റി. മുന്നേറ്റത്തിന് കരുത്തുകൂട്ടാനായി പി.സി. അനുരാഗിനെ പിന്‍വലിച്ച് വി.എസ്. ശ്രീക്കുട്ടനെയും ഷംനാസിന് പകരം മുഹമ്മദ് പാറേക്കാട്ടിലിനെയും രംഗത്തിറക്കി. ഇതോടെ മുന്നേറ്റത്തിന് കരുത്തുകൂടി. തുടര്‍ന്ന് മികച്ച ആക്രമണ ഫുട്‌ബോളുമായി കളംവാണ കേരളതാരങ്ങള്‍ കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. 

55-ാം മിനുട്ടില്‍ ഇടതുവിംഗിലൂടെ മുന്നേറിയ എം.എസ്. ജിതിന്റെ ഗോളെന്ന് ഉറപ്പിച്ച നീക്കം ഗോളി രഞ്ജിത് മജുംദാര്‍ കോര്‍ണര്‍ വഴങ്ങി തടഞ്ഞു. തൊട്ടുപിന്നാലെ മൂന്ന് കോര്‍ണറുകള്‍ ലഭിച്ചിട്ടും കേരളത്തിന് മുതലാക്കാനായില്ല. 68-ാം മിനിറ്റില്‍ സീസണ്‍ നല്‍കിയ പന്തുമായി കുതിച്ചു ജിതിനും അഫ്ദലും കെ.പി. രാഹുലും നടത്തിയ നീക്കം ബംഗാള്‍ ഗോള്‍ മുഖത്ത് ലക്ഷ്യത്തിലെത്തായെ അവസാനിച്ചു. ഇടയ്ക്ക് ബംഗാളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കേരള പ്രതിരോധം പിടിച്ചുനിന്നു.

75-ാം മിനുട്ടില്‍ കേരളത്തിന് ഗോള്‍ നേടാനുള്ള മികച്ച അവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ചു. ഇടതുവിംഗിലൂടെപന്തുമായി മുന്നേറി എം.എസ് ജിതിന്‍ നല്‍കിയ ക്രോസ് വി.കെ. അഫ്ദല്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പാഴാക്കി.  മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച നിമിഷത്തില്‍ കേരളത്തിന്റെ വിജയഗോള്‍ പിറന്നു. 90 ാം മിനുട്ടില്‍ മുഹമ്മദ് പാറേക്കാട്ടില്‍ ഉയര്‍ത്തി നല്‍കിയ പന്ത് പിടിച്ചെടുത്ത് ബംഗാള്‍ ഗോള്‍മുഖത്തേക്ക് എം.എസ്. ജിതിന്റെ മുന്നേറ്റം. പ്രതിരോധനിരയെ കബളിപ്പിച്ചശേഷം പന്ത് കെ.പി. രാഹുലിന് കൈമാറി. പന്ത് കിട്ടിയ രാഹുല്‍ വെച്ചുതാമസിപ്പിക്കാതെ നിറയൊഴിച്ചപ്പോള്‍ ബംഗാള്‍ ഗോളിക്ക് കാഴ്ചക്കാരന്റെ റോളേ ഉണ്ടായിരുന്നുള്ളൂ. പരിക്ക് സമയത്ത് ഗോള്‍ മടക്കാന്‍ ബംഗാള്‍ താരങ്ങള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും കേരള പ്രതിരോധവും ഗോളിയും വിട്ടുകൊടുത്തില്ല.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്ര 7-2 ന് മണിപ്പൂരിനെ പരാജയപ്പെടുത്തി. മഹാരാഷ്ട്രക്കായി രണ്‍ജീത് സിങ് ഹാട്രിക്ക് നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.