സിഡ്നി: സിഡ്നിയില്‍ നടക്കുന്ന ഐഎസ്എസ്എഫ് ജൂനിയര്‍ ഷൂട്ടിങ്ങ് ലോകകപ്പില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണ്ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മനു ബാക്കര്‍ അന്മോല് ജെയിന് എന്നിവരാണ് സ്വര്‍ണ്ണം നേടിയത്.
ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ലോക റെക്കോഡ് നേടിയാണ് ബാക്കറും അന്മോലും ഫൈനലിലെത്തിയത്. ഫൈനലില്‍ രണ്ടാം സ്ഥാനക്കാരായ ചൈനയുടെ ലിയു ജിന്യാവോ, ലീ ഷുവേ എന്നിവരെ പിന്നിലാക്കിയായിരുന്നു ഇന്ത്യയുടെ വിജയം.
മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ജോഡി ചൈനയെക്കാളും വ്യക്തമായ ലീഡ് നിലനിര്‍ത്തി. 478.9 പോയന്റുകളോടെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്വര്‍ണ്ണനേട്ടം. നിലവിലെ ലോക റെക്കോര്‍ഡ് നേരിയ വ്യത്യാസത്തിലാണ് ഇവര്‍ക്ക് നഷ്ടമായത്.
കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മനു ബാക്കര്‍ സ്വര്‍ണ്ണം നേടിയിരുന്നു. ഇന്ത്യയുടെ തന്നെ ശ്രേയ അഗര്‍വാള്‍, അര്ജുന് ബബൂത്ത എന്നിവര്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: