പറങ്കികള്‍ക്ക് കനത്ത തോല്‍വി

Wednesday 28 March 2018 3:41 am IST
"undefined"

ജനീവ: ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് കനത്ത തോല്‍വി. നെതര്‍ലന്‍ഡ്‌സിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പറങ്കികള്‍ തകര്‍ന്നത്.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടനിന്ന് പോര്‍ച്ചുഗലായിരുന്നെങ്കിലും ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ ഉള്‍പ്പെടെയുള്ള സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചു. കളിയുടെ 61-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം കവാകോ കാന്‍സെലോ ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോയതും പറങ്കികള്‍ക്ക് തിരിച്ചടിയായി. എന്നാല്‍ അതിന് മുന്‍പ് തന്നെ ഡച്ച് പട മൂന്ന് തവണ പോര്‍ച്ചുഗല്‍ വലയില്‍ പന്തെത്തിച്ചിരുന്നു.

കളിയുടെ 11-ാം മിനിറ്റിലാണ് ഡച്ച് ആദ്യ ഗോള്‍ നേടിയത്. വാന്‍ ഡീ ബീകിന്റെ പാസ് സ്വീകരിച്ച് മെംഫിസ് ഡീപേ പായിച്ച വലംകാല്‍ ഷോട്ടാണ് വലയില്‍ തറച്ചുകയറിയത്. 32-ാം മിനിറ്റില്‍ റയാന്‍ ബാബേലിന്റെ തകര്‍പ്പന്‍ ഹെഡ്ഡറും വലയിലെത്തിയതോടെ ഡച്ച് 2-0ന് മുന്നില്‍. പിന്നീട് ആദ്യപകുതിയുടെ പരിക്ക് സമയത്ത് നായകന്‍ വിര്‍ജില്‍ വാന്‍ ഡിക്കിന്റെ ഹെഡ്ഡറും വലയിലെത്തി.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ക്രിസ്റ്റിയാനോയും സംഘവും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡച്ച് ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. ഹോളണ്ടിന് ഇപ്രാവശ്യം ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. പരിശീലകന്‍ കോമന്റെ കീഴിലെ ഓറഞ്ച് പടയുടെ ആദ്യ വിജയമാണിത്. തുടര്‍ച്ചയായ ഒമ്പതു മത്സരങ്ങളില്‍ ഗോളടിച്ച് മിന്നുന്ന ഫോമിലായിരുന്ന റൊണാള്‍ഡോയുടെ ഗോളടിക്കും ഇന്നലത്തെ മത്സരത്തോടെ അവസാനമായി.

മുന്‍ ഡച്ച് താരം പാട്രിക് ക്ലൈവേര്‍ട്ടിന്റെ മകന്‍ ജസ്റ്റിന്‍ ക്ലൈവേര്‍ട്ട് ഇന്നലെ ഹോളണ്ടിനായി അരങ്ങേറി. 18കാരന്‍ ജസ്റ്റിന്‍ അയാക്‌സിന് വേണ്ടിയാണ് കളിക്കുന്നത്.

മറ്റ് സൗഹൃദ മത്സരങ്ങളില്‍ ബള്‍ഗേറിയ 2-1ന് കിര്‍ഗിസ്ഥാനെയും ഫിന്‍ലന്‍ഡ് 5-0ന് മാള്‍ട്ടയെയും നോര്‍വേ 1-0ന് അല്‍ബേനിയയെയും പരാജയപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.