ഹൈക്കോടതി ഉത്തരവ് കെഎസ്ആര്‍ടിസിയുടെ നടുവൊടിക്കും

Wednesday 28 March 2018 3:52 am IST
"undefined"

തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വ്വീസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര വിലക്കിയ ഹൈക്കോടതി ഉത്തരവ് കെഎസ്ആര്‍ടിസിയുടെ നടുവൊടിക്കും. യാത്രക്കാര്‍ നിന്നു യാത്ര ചെയ്യരുതെന്ന ഉത്തരവിലൂടെ കോര്‍പ്പറേഷന് ദിനംപ്രതി രണ്ടുകോടിയോളം രൂപ നഷ്ടം വരും. ശരാശരി ആറരക്കോടിയാണ് നിലവിലെ വരുമാനം. സാമ്പത്തിക ബുദ്ധിമുട്ടില്‍ വീര്‍പ്പുമുട്ടുന്ന കോര്‍പ്പറേഷനെ ഹൈക്കോടതി വിധി സാരമായി ബാധിക്കും. 

ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഡിപ്പോയില്‍ നിന്ന്  തിരിക്കുമ്പോള്‍ നിന്നു യാത്ര ചെയ്യുന്നവര്‍ അധികം ഉണ്ടാകാറില്ല. ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ നിന്നാണ്  യാത്രക്കാര്‍ അധികവും കയറുന്നത്. ഇത്തരത്തില്‍ കയറുന്നവരില്‍ അധികവും ദീര്‍ഘദൂരം യാത്രചെയ്യാറുമില്ല.  ഇടയ്ക്കുള്ള  സ്റ്റോപ്പുകളില്‍ നിന്ന് കയറുന്ന യാത്രക്കാരില്‍ നിന്നുള്ള   വരുമാനമാണ് കെഎസ്ആര്‍ടിസിയുടെ  ലാഭം.  കോടതി വിധി നടപ്പാക്കുന്നതോടെ   യാത്രാക്ലേശവും അനുഭവപ്പെടും. ദീര്‍ഘദൂര സര്‍വ്വീസുകളില്‍ നിന്നുയാത്ര അനുവദിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വ്വീസ് നടത്താന്‍ ഇരട്ടിയിലധികം ബസ് ഓടിക്കേണ്ടതായി വരും. നിലവിലെ സര്‍വ്വീസുകള്‍ നടത്താന്‍ തന്നെ  ബസില്ലാതെ ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിക്ക് ഇത് ഇരട്ടി പ്രഹരമാകും. 

  കോടതി വിധി മൂലം യാത്രക്കാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഒഴിവുള്ള സീറ്റിനനുസരിച്ച് യാത്രക്കാരെ കയറ്റേണ്ടതായി വരും. കൂടുംബമായോ സംഘമായോ  യാത്രചെയ്യുന്നവരും കണ്ടക്ടറുമായി പ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കും. പ്രത്യേകിച്ച്, രാത്രികാലങ്ങളില്‍ ഇത് സംഘര്‍ഷങ്ങള്‍ക്ക് വരെ ഇടവരുത്തും. കോടതി വിധി കാരണം സ്‌റ്റോപ്പുകളില്‍ നിന്നും  യാത്രക്കാരെ കയറ്റാന്‍ സാധിക്കില്ലെന്നു ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. 

ഒത്തുകളി: അടിക്കടി കേസുകള്‍ തോല്‍ക്കുന്നു

തിരുവനന്തപുരം: അഭിഭാഷകരുടെ ഒത്തുകളിയില്‍ കെഎസ്ആര്‍ടിസി അടിക്കടി കേസുകള്‍ തോല്‍ക്കുകയാണെന്ന് ആരോപണം. സ്റ്റാന്റിംഗ് കൗണ്‍സിലിലെ അഭിഭാഷകര്‍ സ്വകാര്യ ബസ്സുടമകളുമായി ഒത്തുകളിക്കുകയാണെന്ന് ഇതിനു മുമ്പും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിന്നുള്ള യാത്ര ദീര്‍ഘദൂര സര്‍വ്വീസുകളില്‍  അനുവദിക്കില്ല എന്ന കേസ് അഭിഭാഷകര്‍ അത്ര ഗൗരവമായി  എടുത്തിരിക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. കേരളത്തിലെ യാത്രാ സൗകര്യവും ബസ്സുകളുടെ എണ്ണത്തെ സംബന്ധിച്ചുമുള്ള വസ്തുത കോടതിയെ ബോധിപ്പിച്ചിരിക്കില്ല. സൂശീല്‍ഖന്ന റിപ്പോര്‍ട്ടിലെ ജീവനക്കാരുടെ ഡ്യൂട്ടി സമയം, സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വ്വീസുകളുടെ കിലോമീറ്റര്‍ ദൈര്‍ഘ്യം എന്നിവ സംബന്ധിച്ചും കെഎസ്ആര്‍ടിസിക്ക് എതിരായിട്ടാണ് വിധി വന്നത്. 

 ഹൈക്കോടതി വിധി സ്വകാര്യ ബസ്സുകളെ സഹായിക്കാനും യാത്രക്കാരെ കൊള്ളയടിക്കാനും ഇടയാക്കും. ഈ മേഖലയില്‍ ആഢംബര ബസുകളും മറ്റ് സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. എന്‍സിപി നേതാക്കളുടെ അടുത്ത അനുയായികളാണ് സ്റ്റാന്റിംഗ് കൗണ്‍സിലില്‍ ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.