ശബരിമലയില്‍ ഭക്തര്‍ക്ക് കണ്ണിനമൃതായി പടിപൂജ
പത്തനംതിട്ട: ശബരിമലയില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന പടിപൂജ ഭക്തര്‍ക്ക് കണ്ണിനമൃതായി. സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞാണ് പടിപൂജ. സന്നിധാനത്തെ പവിത്രമായ ഇടമായാണ് പതിനെട്ടാംപടിയെ ഭക്തര്‍ കാണുന്നത്.
18 മലദൈവങ്ങളുടെ സങ്കല്‍പ്പം ഉള്‍ക്കൊള്ളുന്ന പതിനെട്ടാംപടി ചൈതന്യം നിറഞ്ഞ ഇടമായിട്ടാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ഇരുമുടികെട്ടുമായി മാത്രമേ ഭക്തര്‍ക്ക് പടി ചവിട്ടാന്‍ കഴിയൂ. പടിപൂജ ഏറെ നിഷ്ഠാപൂര്‍വ്വം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തിലാണ് നടക്കുന്നത്.
ഓരോ പടിയേയും അലങ്കരിച്ച്, പൂജിച്ച് കര്‍പ്പൂരം ഉഴിഞ്ഞ് തൊഴുന്നതോടെയാണ് ചടങ്ങ് പൂര്‍ത്തിയാകുന്നത്. ഉല്‍സവസമയത്ത് ഇതും കണ്ടുതൊഴാന്‍ സാധിക്കുന്നത് പ്രത്യേകതയാണ്. വിളക്കിനെഴുന്നെള്ളിപ്പ് നടക്കുന്ന സന്നിധാനത്ത് ശ്രീഭൂതബലി ചടങ്ങുകള്‍ ഒന്‍പത് മണിക്ക് ശേഷം തുടങ്ങും. അയ്യപ്പസ്വാമി ആനപ്പുറത്താണ് ഏഴുന്നെള്ളുന്നത്. ഈ സമയം ഭക്തരുടെ വലിയ തിരക്കാണ് ക്ഷേത്രപരിസരത്ത് അനുഭവപ്പെടുന്നത്. 29 വരെ ഏഴുന്നെള്ളത്ത് ഉണ്ടാകും.