അക്രമിസംഘം റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു

Wednesday 28 March 2018 4:08 am IST

തിരുവനന്തപുരം/കിളിമാനൂര്‍: റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ യുവാവിനെ കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.

മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷ് (35) എന്ന രസികന്‍ രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന വെള്ളല്ലൂര്‍ തേവലക്കാട് തില്ല വിലാസത്തില്‍ കുട്ടന്‍ (50) ആണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. രാജേഷ് അവതാരകനായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം നൊസ്റ്റാള്‍ജിയ നാടന്‍പാട്ട് സംഘം നാവായിക്കുളം മുല്ലനല്ലൂരില്‍ പരിപാടി അവതരിപ്പിച്ച് തിരികെവന്ന ശേഷം മടവൂര്‍ പോസ്റ്റ് ഓഫീസിന് സമീപം രാജേഷിന്റെ ഉടമസ്ഥതയിലുള്ള മെട്രാസ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് അക്രമം.

ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘം പല ആവര്‍ത്തിമുന്നിലേക്കും പിന്നിലേക്കും ഓടിക്കുന്നത് കണ്ട് സ്ഥാപനത്തിന് വെളിയിലേക്കിറങ്ങിയ രണ്ടുപേര്‍ക്കും വെട്ടേല്‍ക്കുകയായിരുന്നു. കഴുത്ത് ലക്ഷ്യമാക്കി വന്ന വെട്ട് കൈകൊണ്ട് തടുത്തശേഷം കുട്ടന്‍ പരിക്കുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ രാജേഷിനെ ആക്രമിച്ച സംഘം കൈപ്പത്തി വെട്ടിമാറ്റി, കാല്‍മുട്ടിനും തല്ക്കും വെട്ടി . കുട്ടന്‍ അടുത്ത വീടുകളില്‍ വിളിച്ചെങ്കിലും ആരും ഉണര്‍ന്നില്ല. തുടര്‍ന്ന് നാടന്‍പാട്ട് സംഘാംഗമായ ഗോപാലകൃഷ്ണനെയും പള്ളിക്കല്‍ പോലീസിലും വിവരമറിയിച്ചു. വെട്ടേറ്റ് രക്തം വാര്‍ന്ന് അവശനിലയിലായ രാജേഷ് ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.

റെഡ് എഫ്എം റേഡിയോയില്‍ കൊച്ചി സ്റ്റേഷനില്‍ ജോക്കിയായി രാജേഷ് ജോലി ചെയ്തിരുന്നു. കുറച്ചുകാലം ഖത്തറില്‍ ഏഷ്യന്‍ റേഡിയോയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രോഹിണിയാണ് ഭാര്യ. കൈലാസം മഹാദേവ വിദ്യാനികേതന്‍ എല്‍കെജി വിദ്യാര്‍ഥി അര്‍ജുന്‍ മകനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.