ബൈക്ക് യാത്രക്കാരെ പോലീസ് വലിച്ച് നിലത്തിട്ടു

Wednesday 28 March 2018 4:34 am IST

കൂത്താട്ടുകുളം: നല്ല പെരുമാറ്റം പഠിപ്പിക്കാന്‍ പോലീസിന് പരിശീലനം നല്‍കിയ ദിവസം തന്നെ ബൈക്ക് യാത്രികര്‍ക്കുനേരെ പോലീസിന്റെ കാടത്തം. തിരക്കേറിയ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെ ഹൈവേ പോലീസ് പിടിച്ചുവലിച്ച് നിലത്തിട്ടു. പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന ആള്‍ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ കൂത്താട്ടുകുളം രാമപുരം ജങ്ഷനിലായിരുന്നു സംഭവം. 

വീതി കുറഞ്ഞ സ്ഥലത്ത് തിരക്കുള്ള റോഡായിരുന്നിട്ടുപോലും ഹൈവേ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് രണ്ട് പേര്‍ ബൈക്കില്‍ എത്തിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ബൈക്കിന്റെ പിന്നിലിരുന്ന ആളുടെ കൈയില്‍ പിടിച്ച് വലിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് ഹൈവെ പോലീസിന്റെ വാഹനത്തില്‍ ഇടിച്ചു.

വീണുകിടന്നവരെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. നാട്ടുകാരും സമീപത്തെ വ്യാപാരികളുമാണ് ഇവരെ പിടിച്ച് എഴുന്നേല്‍പ്പിച്ചത്. ഇവര്‍ക്ക് കാലില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതിഷേധിച്ച്, നാട്ടുകാര്‍ പോലീസിനെ വളഞ്ഞു. സംഗതി പന്തികേടാകുമെന്ന് കരുതിയ പോലീസ് സ്ഥലത്ത്‌നിന്ന് മുങ്ങാന്‍ ശ്രമിച്ചെങ്കിലും പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ആദ്യം ഇത് പോലീസ് അംഗീകരിച്ചില്ല. നാട്ടുകാര്‍ ഇടഞ്ഞതോടെ  പോലീസ് വാഹനത്തില്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ബൈക്കിന്റെ പിന്നിലിരുന്ന കോഴിപ്പിള്ളി വേങ്ങത്താനത്ത് വിനോദി (34) നാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന മംഗലത്തുതാഴത്ത് ബാബുവിനും നിസാര പരിക്കുകളുണ്ട്. മൂവാറ്റുപുഴ ഹൈവേ പോലീസാണ് പരിശോധനയ്‌ക്കെത്തിയത്. കെഎല്‍-7 ബികെ 7467 നമ്പര്‍ രജിസ്‌ട്രേഷനിലുള്ള വാഹനത്തിലായിരുന്നു പോലീസ്. സംഭവത്തില്‍ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചു. ഉടന്‍തന്നെ  കൂത്താട്ടുകുളം എസ്‌ഐ ഇ.എസ്. സാംസണ്‍ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.