സൗദിയില്‍ 20,000 കോടി ഡോളറിന്റെ സോളാര്‍ പദ്ധതി

Thursday 29 March 2018 11:03 pm IST

വാഷിങ്ടണ്‍: സോളാര്‍ പദ്ധതി നടപ്പാക്കാന്‍  20,000 കോടി ഡോളറിന്റെ പദ്ധതിയില്‍ സൗദി അറേബ്യയും സോഫ്ട്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷനും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. മൂന്നാഴ്ചത്തെ യുഎസ് സന്ദര്‍ശനം നടത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് എന്നിവരുമായി സോഫ്ട്ബാങ്ക് ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.

വൈദ്യുതിക്കായി സൗദി നിലവില്‍ എണ്ണ ഉത്പ്പദനത്തെയാണ് ആശ്രയിക്കുന്നത്. ഇത് കുറയ്ക്കാനും 1,00,000 ജോലികള്‍ സൃഷ്ടിക്കാനും  പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നു. 2030ഓടെ 200 ജിഗാവാട് ഉത്പാദിപ്പിക്കുന്ന സോളാര്‍ കുടകള്‍ രാജ്യത്ത് സ്ഥാപിക്കുമെന്നും സോഫ്ട് ബാങ്ക് സ്ഥാപകന്‍ മസയോഷി സണ്‍ കാരാറില്‍ ഒപ്പുവെച്ചശേഷം അറിയിച്ചു.  അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 2500 കോടി നിക്ഷേപിക്കാനും സോഫ്ട്ബാങ്ക് പദ്ധതി തയ്യാറാക്കുന്നുണ്ട്. 

ആഗോള എണ്ണ ഉത്പ്പാദകരായ സൗദി അറേബ്യന്‍ ഓയില്‍ കമ്പനിയും രാജ്യത്ത് നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി കിരീടാവകാശി  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ഊര്‍ജ്ജം, സാങ്കേതിക വിദ്യ, പ്രതിരോധം, വിനോദം എന്നീ മേഖലകളിലെ വ്യാപാര ബന്ധം വളര്‍ത്തിയെടുക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്ന് യുഎസ്, സൗദി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.