തേനൂറും ചക്കയ്ക്ക് പ്രിയമേറുന്നു

Thursday 29 March 2018 1:55 am IST


മുഹമ്മ: ഔദ്യോഗിക ഫലമായി ചക്ക മാറിയതോടെ ചക്കയ്ക്ക് പ്രീയമേറുന്നു. നാട്ടിന്‍പുറങ്ങളില്‍ ചക്കതേടിയെത്തുന്ന കാഴ്ചയും സജീവമായി.  റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന ചക്ക ഏതെടുത്താലും 100 രൂപ എന്ന ബോര്‍ഡും കാണാം. ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് സീസണെങ്കിലും ഏതു കാലത്തും ചക്ക വിളയും.
 ഒരു കാലത്ത് ചക്ക കൊണ്ട് വിവിധ വിഭവങ്ങളാണ് വീടുകളില്‍ ഉണ്ടാക്കിയിരുന്നത്. ചക്കയട അതില്‍ പ്രധാനം. പായസം, അവിയല്‍, പുഴുക്ക്, ചക്കവരട്ടിയത് എന്നിവ കൂടാതെ ചില മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ചക്കയില്‍ നിന്നും ഉണ്ടാക്കിയിരുന്നു. ചക്കക്കുരു ചുട്ടെടുത്തും പുഴുങ്ങിയും തോരന്‍വെച്ചും കഴിക്കുന്നതും പതിവാണ്. മറ്റു പഴവര്‍ഗങ്ങളെക്കാള്‍ കൂടുതല്‍ സ്വാദും ഗുണമെന്മയും ചക്കക്കുണ്ട്.
 കൂടാതെ തികച്ചും ജൈവ ഫലമായതുകൊണ്ട് ഇതിന് പ്രാധാന്യമേറെയാണ്. കൂഴ, വരിക്ക എന്നീ രണ്ടിനമാണ് കേരളത്തില്‍ കണ്ടുവരുന്നത്. തേന്‍വരിക്കയ്ക്ക് സ്വാദും ഗുണവും കൂടും. വൈറ്റമിന്‍-സി ചക്കയില്‍ കൂടുതലായി കാണപ്പെടുന്നു. കൊളസ്‌ട്രോള്‍ കുറവായതു കൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. നാരുകള്‍ അടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. കേരളത്തില്‍ മുട്ടം വരിക്കയ്ക്കാണ് ഏറെ പ്രിയമുള്ളത്. മുണ്ടക്കയം,കാഞ്ഞിരപ്പള്ളി,വാഴൂര്‍,നീണ്ടൂര്‍,മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നാണ് തേന്‍വരിക്ക കൊണ്ടുവരുന്നത്.80 രൂപ മുതല്‍ 120 രൂപ തോതിലാണ് വില്‍പ്പന.
 മുഹമ്മ കെ ജി കവലയിലെ ലീലാമ്മയുടെ കടയിലെ ചക്കയ്ക്ക്  തേനൂറും രുചിയാണ്.  വിദേശികള്‍ ഉള്‍പ്പെടെ കാറിലെത്തുന്ന യാത്രക്കാരാണ് ചക്കതേടി കടയിലെത്തുന്നത്.
വിദേശ രാജ്യങ്ങളിലേയ്ക്ക് ഈ കടയിലെ ചക്കയാണ് കൂടുതലായി കൊണ്ടുപോകുന്നത്. ദിവസം 100 ലധികം ചക്കയാണ് വില്‍പ്പന നടത്തുന്നത്. കടയില്‍ നാടന്‍ കുലകളും പച്ചക്കറികളും വില്‍പ്പനയ്ക്കുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.