വാഹന പരിശോധനക്കിടെ അപകടമരണം പോലീസ് വാദിയെ പ്രതിയാക്കി

Thursday 29 March 2018 2:00 am IST

 

മുഹമ്മ: കഞ്ഞിക്കുഴി എസ്എന്‍ കോളേജിന് സമീപം കഴിഞ്ഞ 11 ന് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ ജീപ്പ് വട്ടമിട്ടതിനെ തുടര്‍ന്ന് മറ്റൊരു ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷേബു (40), ഭാര്യ സുമി (34) മക്കളായ ശ്രീലക്ഷ്മി (10), ഹര്‍ഷ(4) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. 

 ഭാര്യ സുമിക്ക് പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചു. പതിനൊന്നാം തീയതി ബൈക്കുമായി കൂട്ടിയിടിച്ച സംഭവത്തില്‍ പാതിരാപ്പള്ളി സ്വദേശി വിച്ചു (23) തല്‍ക്ഷണം മരിച്ചിരുന്നു.

 പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒബ്‌സര്‍വേഷനിലായിരുന്നപ്പോള്‍ കൊടുത്ത മൊഴിയില്‍ എഫ്‌ഐആറുമായി യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന ഷേബു പറഞ്ഞു. ഭാര്യയുടെ സഞ്ചയനം നടക്കുന്നതിന്റെ തലേദിവസം ലഭിച്ച എഫ്‌ഐആറിന്റെ കോപ്പി കണ്ടപ്പോള്‍ ഞെട്ടിപ്പോയി. 

 വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മന:പൂര്‍വ്വമല്ലാത്ത നരഹത്യയക്ക് തന്റെ പേരില്‍ കേസെടുത്ത പോലീസിനെതിരെ ഹൈക്കോടതിയില്‍ പരാതി കൊടുക്കുമെന്നും താന്‍ നിരപരാധിയാണെന്നും ഷേബു പറഞ്ഞു.

 ഭാര്യ മരിച്ചതിന്റെ ആഘാതം വിട്ടുമാറാത്ത ഷേബുവും മക്കളായ ശ്രീലക്ഷ്മിയും ഹര്‍ഷയും ഇപ്പോഴും ദുരിതക്കിടക്കയിലാണ്. പരസഹായമില്ലാതെ ഈ മൂന്ന് പേര്‍ക്കും പ്രാഥമികകാര്യങ്ങള്‍ പോലും ചെയ്യാന്‍ നിര്‍വ്വാഹമില്ല. പൂര്‍വ്വസ്ഥിതിയിലെത്താന്‍ മാസങ്ങളുടെ ചികിത്സയും പരിചരണവും വേണ്ടിവരും. 

 അതിനിടയിലാണ് നരഹത്യയക്ക് കേസെടുത്തുള്ള പോലീസിന്റെ കൊടുംക്രൂരത. പോലീസിന്റെ നടപടിക്കെതിരെ സംഭവദിവസം മുതല്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.