ബൈക്ക് പിടികൂടിയതില്‍ പ്രതിഷേധിച്ച് യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി

Thursday 29 March 2018 2:00 am IST

 

ചേര്‍ത്തല: മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്ക് പിടികൂടിയതില്‍ പ്രതിഷേധിച്ച് യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. മാരാരിക്കുളം സ്വദേശി എസ്. ശ്രീജിത്തി(36)നെയാണ് ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ സഞ്ചരിച്ചതിന് ഇന്നലെ രാവിലെ ഒന്‍പതിന് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

 600 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഉച്ചയോടെ കുപ്പിയില്‍ പെട്രോളുമായി അര്‍ത്തുങ്കല്‍ ബൈപാസിനടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥരുടെ സമീപമെത്തി പെട്രോള്‍ തലയില്‍ ഒഴിച്ചതോടെ എംവിഐ കെ.ജി. ബിജു ഇടപെട്ട് ഇയാളെ തടയുകായിരുന്നു. തുടര്‍ന്ന് എസ്‌ഐ ജി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ പിടിച്ചെടുത്ത് ബൈക്ക് രേഖകള്‍ പരിശോധിച്ച ശേഷം വിട്ടുകൊടുത്തു. 

 ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തി പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടയച്ചു. ബൈക്കിന്റെ രേഖകളുടെയും പകര്‍പ്പുകള്‍ കാണിക്കുകയും പിന്നീട് വന്ന് പിഴ തുക അടയ്ക്കാമെന്ന് പറഞ്ഞിട്ടും വാഹനം വിട്ട് തരാതിരുന്നതിനാല്‍ ലഭിക്കാനുള്ള പണം കിട്ടാതെ പോയതെന്നും ഇതിന്റെ സങ്കടത്തിലാണ് ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്നും ശ്രീജിത് പറഞ്ഞു. ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചതിനാലാണ് ബൈക്ക് തടഞ്ഞതെന്നും പിഴ അടയ്ക്കാന്‍ ഇയാളുടെ കൈവശം പണവും ലൈസന്‍സും ബൈക്കിന്റെ രേഖകളും ഇല്ലാതിരുന്നതിനാലാണ് ബൈക്ക് കസ്റ്റഡിയിലെടുത്തതെന്നും എംവിഐ കെ.ജി. ബിജു പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.