സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്

Thursday 29 March 2018 2:29 am IST
"undefined"

സിഡ്‌നി: ലോക ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നടപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പന്തില്‍ കൃത്രിമം കാണിക്കാന്‍ കൂട്ടുനിന്ന മുന്‍ നായന്‍ സ്റ്റീവ് സ്മിത്തിനെയും മുന്‍ ഉപ നായകന്‍ ഡേവിഡ് വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കി. പന്ത് ചുരണ്ടിയ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം വിലക്കേര്‍പ്പെടുത്തി. അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് സ്മിത്തും വാര്‍ണറും ഓസീസ് നായകരാകുന്നതിനും വിലക്കുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റില്‍ നിന്ന് സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരോട് നാട്ടിലേക്ക് മടങ്ങാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ജെയിംസ് സതര്‍ലന്‍ഡ് നിര്‍ദേശിച്ചിരുന്നു.

ഓസ്‌ട്രേലിയയെ നാണം കെടുത്തിയ ഈ സംഭവത്തിലുള്‍പ്പെട്ടവര്‍ക്കെതിരെ ഉടനടി ശക്തമായ നടപടി സ്വീകരിക്കണമെന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ  നടപടി സ്വീകരിച്ചത്.

സംഭവം വിവാദമായ ഉടന്‍ തന്നെ സ്്മിത്ത് ക്യാപറ്റന്‍ സ്ഥാനവും വാര്‍ണര്‍ വൈസ് ക്യാപറ്റന്‍ സ്ഥാനവും രാജിവച്ചു. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനവും സ്മിത്ത് രാജിവച്ചു. സണ്‍റൈസേഴ്‌സ് നായകസ്ഥാനം വാര്‍ണറും രാജിവച്ചു.

ഐപിഎല്ലിലും വിലക്ക് 

ന്യൂദല്‍ഹി: സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ബിസിസിഐയുടെ വിലക്ക്. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് വിവാദ നായകന്മാരെ ഐപിഎല്ലില്‍ നിന്ന് ബിസിസിഐ വിലക്കിയത്. 

വിവാദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനം സ്മിത്തും  സണ്‍റൈസേഴ്‌സ് ഹൈദ്രബാദ് നായക സ്ഥാനം  വാര്‍ണറും രാജിവെച്ചിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ  വിലക്കേര്‍പ്പെടുത്തിയതിനാല്‍ തങ്ങളും ഇവരെ ഐപിഎല്ലില്‍ നിന്ന് വിലക്കുകയാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ക്കു പകരം ഇരു ടീമുകള്‍ക്കും ആവശ്യമായ കളിക്കാരെ ലഭ്യമാക്കുമെന്നും ശുക്ല പറഞ്ഞു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.