സ്വകാര്യ ആശുപത്രിയില്‍ 12 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് മുങ്ങിയ പ്രതികള്‍ പോലീസില്‍ കീഴടങ്ങി ജാമ്യത്തിലിറങ്ങി

Wednesday 28 March 2018 10:34 pm IST

 

തലശ്ശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ 12 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച ശേഷം നാടകീയമായി സ്ഥലത്ത് നിന്നും മുങ്ങിയ 2 പ്രതികള്‍ പോലീസില്‍ കീഴടങ്ങിയ ശേഷം ജാമ്യത്തിലിറങ്ങി. 

മാഹി ചോമ്പാല പള്ളിപ്പറമ്പില്‍ മുത്തുക്കോയ തങ്ങള്‍ (63), തലശ്ശേരി ചേറ്റം കുന്ന് റോഡില്‍ സീനാസില്‍ റിയാസ് (47) എന്നിവരാണ് പ്രതികള്‍. ഇക്കഴിഞ്ഞ 20 ന് ഉച്ചയോടെയായിരുന്നു ന്യൂ മാഹി അഴീക്കല്‍ ബീച്ചിലെ കോട്ടക്കുന്നുമ്മല്‍ ഫൗജറിന്റെ മകന്‍ ഹസന്‍ ഷക്കീബിന് (ഹ 2) മിഷ്യന്‍ ആശുപത്രിക്കുള്ളില്‍ വച്ച് അടിയേറ്റത്. തലശ്ശേരി മുബാറക് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷക്കീബ്. അപസ്മാരം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അലട്ടുന്ന ഷക്കീബ് തന്റെ ഇരട്ട സഹോദരന്‍ ഹുസ്സന്‍ ഷാക്കീബിന്റെ ചികിത്സാ ആവശ്യാര്‍ത്ഥം ആശുപത്രിയിലെത്തിയതായിരുന്നു. വാര്‍ഡിനടുത്ത ലിഫ്റ്റിന് സമീപം നില്‍ക്കുന്നതിനിടയിലാണ് പെട്ടെന്ന് ലിഫ്റ്റില്‍ നിന്നും ഇറങ്ങി വന്ന രണ്ട് പേര്‍ ഷാക്കിബിനെ കഴുത്തിന് പിടിച്ചമര്‍ത്തി തലക്കടിച്ചത്. അടിയേറ്റ കുട്ടി അവിടെത്തന്നെ ബോധമറ്റ് കുഴഞ്ഞ് വീണു. അന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച പന്ത്രണ്ട് വയസുകാരന് രണ്ട് ദിവസത്തിന് ശേഷമാണ് ബോധം വീണ്ടു കിട്ടിയത്. സംഭവം ഏല്‍പിച്ച ശാരീരിക-മാനസീക ആഘാതത്തിലാണ് ഷക്കീബ് ഇപ്പോഴുമുള്ളത്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മരവിപ്പുണ്ട്. വിദഗ്ദ ചികിത്സക്കായി ബംഗളുരിലെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കുകയാണ്. 

തീര്‍ത്തും നിര്‍ധന കുടുംബമാണ് ഷക്കീബിന്റേത്. സന്നദ്ധ സേവന സംഘടനയായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോറമാണ് കുട്ടികളുടെ ചികിത്സാച്ചെലവ് വഹിക്കുന്നത്. ഉപ്പ ഫൌജര്‍ ഡൈവര്‍ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. ഇപ്പോള്‍ മാഹി ചൂടിക്കൊട്ടയിലെ വാടക വീട്ടിലാണ് കഴിയുന്നത്. ഉമ്മ സമീറയും രോഗിണിയാണ്. ഓപ്പറേഷനായി മംഗലാപുരം ആശുപത്രിയില്‍ എത്തിയപ്പോഴാണ് മകന്റെ വിവരം അറിഞ്ഞത്. ശസ്ത്രക്രിയക്ക് വിധേയമാവാതെ തിരിച്ചു വന്ന സമീറയാണ് മകനെ ശുശ്രൂഷിക്കുന്നത്. അകാരണമായി കുട്ടിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പില്‍ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചതിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.