പോലീസുകാരും മനുഷ്യരാണ്: എഡിജിപി സന്ധ്യ

Wednesday 28 March 2018 10:38 pm IST

 

കണ്ണൂര്‍: ദൈവത്തെപ്പോലെയാണ് ജനം പോലീസിനെ കാണുന്നതെന്നും എന്നാല്‍ ഞങ്ങള്‍ ദൈവമല്ല, വെറും മനുഷ്യര്‍ മാത്രമാണെന്നും എഡിജിപി ഡോ.ബി.സന്ധ്യ. ശരിയായ പരിശീലനത്തിന്റെ കുറവാണ് ചില പോലീസുകാരെ മോശമാക്കുന്നത്. 10 വീടുകളുടെ ചുമതല ഒരു ബീറ്റ് പോലീസുകാരന് നല്‍കിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ അയാള്‍ ജനപ്രിയ പോലീസുകാരനാകും. കണ്ണൂരില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 35-ാം ജില്ലാ സമ്മേളനം നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

സിആര്‍പിസി ആക്ട് പ്രകാരം ഒരാളെ കയ്യേറ്റം ചെയ്യാന്‍പോലും പോലീസുകാര്‍ക്ക് അധികാരമില്ലെന്ന് ഓര്‍ക്കണം. അതുകൊണ്ട് തന്നെയാണ് പോലീസിനെ ദൈവത്തെപ്പോലെ കാണുന്നത്. ജനമൈത്രി പോലീസ് നിയമാവലിയുണ്ടാക്കിയപ്പോള്‍ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് ഈ നിയമാവലിയില്‍ നിന്നും ഞാനടക്കമുള്ളവര്‍ ഔട്ടാണെന്നും എന്നാലും നിയമാവലി തിരുത്തേണ്ടെന്നും പറഞ്ഞു. ദൈവത്തെപ്പോലെ പോലീസിനെ കാണുന്നതിനാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അതുതന്നെയാണ് പോലീസിന്റെ ശക്തിയും കുറവും. പോലീസുകാരില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ദുഃഖമുണ്ടാക്കുന്നു. മനഃസംഘര്‍ഷമാണ് കാരണം. ഒരു പോലീസുകാരന് ഒരു പോലീസ് ഫ്രന്റ് വേണം. സുഹൃത്തുണ്ടായാല്‍ വന്‍ സംഘര്‍ഷം കുറയും.

പോലീസ് ട്രെയിനിംഗ് അക്കാദമിയില്‍ വെല്‍നറ്റ് ആന്റ് സിഗ്‌നല്‍ സെന്റര്‍ തുടങ്ങും. ഏപ്രില്‍ 6, 7 തീയ്യതികളില്‍ പോലീസ് അക്കാദമിയില്‍ ഒരു പ്രത്യേക വര്‍ക്ക്‌ഷോപ്പ് തുടങ്ങും. കേള്‍ക്കാനുള്ള പ്രൊഫഷണല്‍ സ്‌കില്‍ വര്‍ദ്ധിപ്പിക്കാനാണ് വര്‍ക്ക്‌ഷോപ്പ്. മറ്റുള്ളവര്‍ പറയുന്നത് നമുക്ക് ശ്രദ്ധയോടെ കേള്‍ക്കാനാവണം. 2008ല്‍ ജനമൈത്രി പോലീസ് 20 സ്റ്റേഷനുകളില്‍ നിലവില്‍വരുമ്പോള്‍ 10 വര്‍ഷംകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ഇത് വ്യാപിപ്പിക്കണമെന്നായിരുന്നു എന്റെ സ്വപ്‌നം. എന്നാല്‍ ഒമ്പത് വര്‍ഷംകൊണ്ട് ആ സ്വപ്‌നം സാക്ഷാത്ക്കരിച്ചു. സംസ്ഥാനത്ത് ബീറ്റ് പോലീസ് 100 ശതമാനം വീടുകളിലും ഗൃഹസമ്പര്‍ക്കം നടത്തി. മൂന്നരക്കോടി ജനങ്ങളുടെ ഒരു ലക്ഷത്തിലേറെ വീടുകളിലാണ് ബീറ്റ് പോലീസ് എത്തി. ഇത് പോലീസ് സേനക്ക് അഭിമാനമാണ്. ചടങ്ങില്‍ കെപിഒഎ ജില്ലാ പ്രസിഡണ്ട് ടി.കെ.രത്‌നകുമാര്‍ അധ്യക്ഷത വഹിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.