ജര്‍മനിയുടെ ചിറകരിഞ്ഞ് ബ്രസീല്‍

Thursday 29 March 2018 2:50 am IST
ബര്‍ലിന്‍ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തില്‍ എഴുപത്തിരണ്ടായിരത്തിലേറെ കാണികളെ സാക്ഷിനിര്‍ത്തി ഗബ്രീയല്‍ ജീസസാണ് നിര്‍ണായക ഗോളിലുടെ ബ്രസീലിനെ വിജയത്തിലേക്ക് പിടിച്ചുയര്‍ത്തിയത്.

ബര്‍ലിന്‍: തുടര്‍ച്ചയായ ഇരുപത്തിരണ്ടു മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ചു പറന്ന ജര്‍മനിയുടെ ചിറകുകള്‍ ബ്രസീല്‍ അരിഞ്ഞുവീഴ്ത്തി. ലോകകപ്പിന് മുന്നോടിയായുളള സന്നാഹ മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്മാരെ ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് ബ്രസീല്‍ വീഴ്ത്തിയത്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ജര്‍മനിയില്‍ നിന്നേറ്റ കനത്തതോല്‍വിക്ക് പകവീട്ടല്‍ കൂടിയായി ബ്രസീലിന് ഈ വിജയം. അന്ന് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ജര്‍മനി ബ്രസീലിനെ നാണം കെടുത്തിയത്.

ബര്‍ലിന്‍ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തില്‍ എഴുപത്തിരണ്ടായിരത്തിലേറെ കാണികളെ സാക്ഷിനിര്‍ത്തി ഗബ്രീയല്‍ ജീസസാണ് നിര്‍ണായക ഗോളിലുടെ ബ്രസീലിനെ വിജയത്തിലേക്ക് പിടിച്ചുയര്‍ത്തിയത്. 37 -ാം മിനിറ്റിലാണ് ജീസസ് ജര്‍മന്‍ ഗോളിയെ കീഴ്‌പ്പെടുത്തിയത്. 2016 ലെ യുറോ സെമിഫൈനലിനുശേഷം ഇതാദ്യമായാണ് ജര്‍മനി തോല്‍ക്കുന്നത്. അന്ന് ആതിഥേയരായ ഫ്രാന്‍സാണ് ജര്‍മനിയെ മുട്ടുകുത്തിച്ചത്.

ബ്രസീല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കും മുമ്പ് ജര്‍മന്‍ സ്‌ട്രൈക്കര്‍ മരിയോ ഗോമസിന് ഒന്നിലെറെ അര്‍ദ്ധാവസരങ്ങള്‍ ലഭിച്ചു. പക്ഷെ അവയൊന്നും ഗോളിലേക്ക് തിരിച്ചുവിടാന്‍ ഗോമസിന് കഴിഞ്ഞില്ല. അതേസമയം ബ്രസീലിന്റെ ജീസസ് തുടക്കത്തില്‍ നല്ലൊരു നീക്കം നടത്തി. പക്ഷെ ജീസസിന്റെ ഷോട്ട് ജര്‍മന്‍ ഗോളി കെവിന്‍ ട്രാപ്പ് ആയാസപ്പെട്ട് ബാറിന് മുകളിലൂടെ കുത്തിയറ്റി.

കഴിഞ്ഞ വെള്ളിയാഴ്ച സ്‌പെയിനിനെ സമനിലയില്‍ തളച്ച ടീമില്‍ ഏഴുമാറ്റങ്ങളോടെയാണ് ജര്‍മനി കളിക്കളത്തിലിറങ്ങിയത്. നാലു വര്‍ഷം മുമ്പ് ബ്രസീലിനെ ലോകകപ്പില്‍ നാണം കെടുത്തിയ ജര്‍മന്‍ ടീമിലെ ബോട്ടാങ്ങും ടോണി ക്രൂഗ്‌സും ടീമില്‍ അണിനിരന്നു. അതേസമയം തോമസ് മുള്ളറെയും മെസ്യൂട്ട് ഒസിലിനെയും പുറത്തിരിത്തി.

വെള്ളിയാഴ്ച മോസ്‌ക്കോയില്‍ റഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ബ്രസീല്‍ പോരിനിറങ്ങിയത്. ഡഗ്‌ളസ് കോസ്റ്റയ്ക്ക് പകരം ഫെര്‍നാന്‍ഡീഞ്ഞോക്ക് അവസരം നല്‍കി.

ജര്‍മനിക്കെതിരായ വിജയം അഭിമാനത്തിന്റെ പ്രശ്‌നമാണ്. വമ്പന്‍ സ്രാവുകള്‍ക്കെതിരായ വിജയം അമിതാഹ്ലാദം സമ്മാനിക്കുമെന്ന് ബ്രസീലിന്റെ പ്രതിരോധ നിരക്കാരന്‍ തിയാഗോ സില്‍വ പറഞ്ഞു.

ബ്രസീല്‍ മികച്ച ടീമിനെയാണ് കളിത്തിലിറക്കിയത്. നന്നായി കളിക്കുകയും വിജയം നേടുകയും ചെയ്തു.  ഞങ്ങളുടെ ദിനമായിരുന്നില്ല. ഒട്ടേറെ പിഴവുകള്‍ വരുത്തി. അത് ബ്രസീലിന് കരുത്താര്‍ജിക്കാന്‍ സഹായകമായെന്ന് ജര്‍മന്‍ കോച്ച് ലോയി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.