ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്: കിരീടം ഉണ്ണി ചെയര്‍മാന്‍

Thursday 29 March 2018 3:59 am IST
ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട 20 അവാര്‍ഡുകളാണ് നല്‍കുക. ജന്മഭൂമി നടത്തിയ ഗാലപ്പ്‌പോള്‍ കൂടി അടിസ്ഥാനമാക്കി ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുക.

തിരുവനന്തപുരം: പ്രഥമ ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് ജൂറി ചെയര്‍മാനായി പ്രമുഖ നിര്‍മ്മാതാവ് കിരീടം ഉണ്ണിയെ തെരഞ്ഞെടുത്തു. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍, നടി ജലജ, പി. ശ്രീകുമാര്‍ (കണ്‍വീനര്‍) എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഏപ്രില്‍ 22ന് കോട്ടയം ബസേലിയോസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന താര നിശയില്‍ അവാര്‍ഡ് സമ്മാനിക്കും.

ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട 20 അവാര്‍ഡുകളാണ് നല്‍കുക. ജന്മഭൂമി നടത്തിയ ഗാലപ്പ്‌പോള്‍ കൂടി അടിസ്ഥാനമാക്കി ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുക. കിരീടം ഉണ്ണി എന്ന കൃഷ്ണകുമാര്‍ മൗനരാഗം, കിരീടം, ചെങ്കോല്‍, സല്ലാപം, ഭൂതക്കണ്ണാടി തുടങ്ങി നിരവധി സിനിമകളുടെ നിര്‍മ്മാതാവാണ്. സംസ്ഥാന സിനിമാ അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗമായിരുന്നു.

പത്മരാജന്റെ സഹസംവിധായകനായി ചലച്ചിത്രരംഗത്തുവന്ന സുരേഷ് ഉണ്ണിത്താന്‍ ജാതകം എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി നവാഗത സംവിധായകനുള്ള സംസ്ഥാനപുരസ്‌കാരം നേടി. പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സി. രാധാകൃഷ്ണന്റെ വേര്‍പാടുകളുടെ വിരല്‍പ്പാടുകള്‍, പി. അയ്യനേത്തിന്റെ വേഗത പോരാ പോരാ എന്നീ നോവലുകള്‍ സീരിയലാക്കി മിനിസ്‌ക്രീനില്‍ ശ്രദ്ധേയനായി. സ്വാമിഅയ്യപ്പന്‍ എന്ന സൂപ്പര്‍ഹിറ്റ് സീരിയലുമൊരുക്കി. മികച്ച സംവിധായകന്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡ് നേടി.

ജി. അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ ജലജ 1970-80 കാലഘട്ടങ്ങളില്‍ മലയാളസിനിമയില്‍ സജീവമായിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. 72 സിനിമകളിലും രണ്ട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.