ഡോ. കെ. മാധവന്‍കുട്ടി അന്തരിച്ചു

Thursday 29 March 2018 10:30 am IST
മായില്ലീ കനകാക്ഷരങ്ങളാണ് അദ്ദേഹത്തിന്റെ ആത്മകഥ. അക്ഷരശ്ലോകത്തില്‍ അതീവതല്പരനായിരുന്ന അദ്ദേഹം സ്വവസതിയായ പൂന്താനത്തിന്റെ മുറ്റം അക്ഷരശ്ലോകസദസ്സുകള്‍ക്കായി മാറ്റിവെച്ചിരുന്നു.

കോഴിക്കോട്​: ഡോ. കെ. മാധവന്‍ കുട്ടി(93) അന്തരിച്ചു. കോഴിക്കോട്ടെ ചിന്താവളപ്പിലുള്ള പൂന്താനം വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ അഞ്ചോളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാള്‍, ഭാരതീയ വിചാര കേന്ദ്രം സ്ഥാപകധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പുതിയപാലം ശ്മശാനത്തില്‍ നടക്കും. 

1991ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ഐ‌എം‌എ ഉള്‍പ്പടെയുള്ള നിരവധി ഡോക്ടര്‍മാരുടെ സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു.  നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.

1949ല്‍ മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോ. കെ. മാധവന്‍കുട്ടി അതേ കോളജില്‍ തന്നെ ഫിസിയോളജി ട്യൂട്ടറായും പ്രവര്‍ത്തിച്ചു. 1953ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടി. 1953 മുതല്‍ 1957 വരെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1957 മുതല്‍ 1961 വരെ കോഴിക്കോട് മെഡിക്കല്‍ കോളജായിരുന്നു അദ്ദേഹത്തിന്റെ  പ്രവര്‍ത്തനമേഖല. ആദ്യം പ്രൊഫസറായും പിന്നീട് വകുപ്പ് തലവനായും അദ്ദേഹം നിയമിതനായി. 1974 മുതല്‍ 1975 വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായും അദ്ദേഹം പ്രവര്‍ത്തിച്ചു. തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലും പ്രിന്‍സിപ്പലായും ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ ആദ്യ പ്രിന്‍സിപ്പലായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.

1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് കോളജില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. 1945-1946, 1946-1948 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ സെക്രട്ടറി, പ്രസിഡന്റ് പദവികള്‍ വഹിച്ചു. 1977ല്‍ മ്യൂണിക്കില്‍ നടന്ന ലോകഫിസിയോളജി കോണ്‍ഗ്രസില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു. കേരള സര്‍വകലാശാല സെനറ്റ് അംഗമായും സിന്റിക്കേറ്റ് അംഗമായും വിവിധ കാലയളവില്‍ പ്രവര്‍ത്തിച്ചു. ഭാരതീയവിചാരകേന്ദ്രം സ്ഥാപക പ്രസിഡന്റായ അദ്ദേഹം മുപ്പത് വര്‍ഷക്കാലം അതേ പദവിയില്‍ തുടര്‍ന്നു. ഭാരതീയ വിദ്യാഭവന്‍ കോഴിക്കോട് കേന്ദ്രത്തിന്റെ ചെയര്‍മാനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. കേരള മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് പദവിയില്‍ പതിനഞ്ച് വര്‍ഷവും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗമായി പത്ത് വര്‍ഷവും ഇന്ത്യന്‍ സെന്റര്‍ കൗണ്‍സില്‍ അംഗമായി 10 വര്‍ഷവും കോഴിക്കോട് ഐഐഎം അക്കാദമിക് കൗണ്‍സില്‍ അംഗമായി പത്തുവര്‍ഷവും പ്രവര്‍ത്തിച്ചു.

തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായി നില്‍ക്കുന്നതിനൊപ്പം തന്നെ എഴുത്തിലും അദ്ദേഹം കഴിവുതെളിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി 78 പുസ്തകങ്ങളും 5500 ഓളം ലേഖനങ്ങളും അദ്ദേഹം എഴുതി. ആരോഗ്യം, ചികിത്സ, ഭാരതീയ ദര്‍ശനം എന്നീ മേഖലയുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും ലേഖനങ്ങളുമായിരുന്നു അത്. മായില്ലീ കനകാക്ഷരങ്ങളാണ് അദ്ദേഹത്തിന്റെ ആത്മകഥ. അക്ഷരശ്ലോകത്തില്‍ അതീവതല്പരനായിരുന്ന അദ്ദേഹം സ്വവസതിയായ പൂന്താനത്തിന്റെ മുറ്റം അക്ഷരശ്ലോകസദസ്സുകള്‍ക്കായി മാറ്റിവെച്ചിരുന്നു. ചിത്രരചനയിലും താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ സംഘടിപ്പിച്ചിരുന്നു. സെമിനാറുകള്‍ സമ്മേളനങ്ങള്‍ എന്നിവക്കിടയില്‍ പ്രസംഗങ്ങള്‍ കേള്‍ക്കുന്ന സമയത്താണ് ഈ ചിത്രങ്ങള്‍ വരച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു.

1979ല്‍ മികച്ച മെഡിക്കല്‍ അദ്ധ്യാപകനുള്ള ഡോ. ബി.സി. റോയ് ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 1984ല്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ പുരസ്‌കാരം, 1986ല്‍ എം.കെ. നമ്പ്യാര്‍ നാഷണല്‍ ഐഎഎഎംഇ അവാര്‍ഡ്, മികച്ച ശസ്ത്രക്രിയ ഗ്രന്ഥത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബയോമെഡിക്കല്‍ സയിന്റിസ്റ്റ്‌സ് ഏര്‍പ്പെടുത്തിയ 2013ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.