മനസില്‍ പ്രാകൃതനാകുന്ന മലയാളി

Thursday 29 March 2018 1:09 pm IST

വണ്ടിയിച്ചു കിടക്കുന്നയാള്‍ ചോരവാര്‍ന്ന് മരണവുമായി മല്ലടിക്കുന്നത് നാം കാണാതെ പോകും. മൊബൈലില്‍ ചിത്രമെടുക്കും. മുഖം തിരിച്ച് വായു ഗുളിക വാങ്ങാനെന്നപോലെ വണ്ടിയില്‍ പാഞ്ഞുപോകും. മരിക്കുമ്പോള്‍ പ്രതിഷേധിക്കും. അനുതപിക്കും. ഫേസ് ബുക്കില്‍  മനുഷ്യ സ്‌നേഹം വഴിഞ്ഞൊഴുകും. ചാനലുകളില്‍ അന്തിച്ചര്‍ച്ചയ്ക്കു വിഷയമാകും. ഇനി ഇങ്ങനെയൊന്നുണ്ടാകരുതെന്ന് മന്ത്രിമാര്‍ പ്രസ്താവനയിറക്കും. ആഹ്വാനം ചെയ്യും. വക്കത്ത്  വണ്ടിയിടിച്ച്  മണിക്കൂറുകളോളം ചോരവാര്‍ന്നു കിടന്ന ഒരു വയോധികയെ കണ്ടും കാണാതെ കണ്ടും കടന്നുപോയവരുടെ ദുഷ്ടു മുഴുവന്‍ ചര്‍ച്ചയാകുമ്പോള്‍ ഭാഗ്യം, ആ വൃദ്ധ മരിച്ചില്ല.

സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും മഹത്വം വിളിച്ചോതുന്ന ദുഖവാരത്തിന്റെ നാളിലാണ് ചോരവാര്‍ച്ചയില്‍ ഒരു ചെറുപ്പക്കാരന്‍ പൊതു നിരത്തില്‍ ജീവന്മരണ പോരാട്ടം നടത്തിയത്. കണ്ടു കടന്നുപോയവരുടെ ആരെങ്കിലുമായിരുന്നു അയാളെങ്കില്‍ ഇങ്ങനെ കടന്നു പോകുമായിരുന്നോ. ചിലപ്പോള്‍ പോയെന്നു വരും. ധന നഷ്ടം. സമയ നഷ്ടം. കുറഞ്ഞ പക്ഷം കുപ്പായം ചോരപടരാതിരിക്കാനെങ്കിലും. മാസങ്ങള്‍ക്കു മുന്‍പാണ് കൊട്ടിയില്‍ ഇങ്ങനെയൊന്നു നടന്നത്. കെട്ടിടത്തില്‍നിന്നും വീണു റോഡില്‍ മുറിവേറ്റുകിടന്നൊരു ചെറുപ്പക്കാരനെ കണ്ടു കണ്ടില്ലെന്നറിയാതെ എല്ലാവരും കടന്നുപോയപ്പോള്‍ താങ്ങിയെടുത്തത് ഒരമ്മയും മകളുമായിരുന്നു.

ഐസുപോലെ മരവിച്ചുപോയോ മലയാളിയുടെ സഹജീവി സ്‌നേഹം. മാധ്യമങ്ങളില്‍ വാര്‍ത്തയും പടവും വരാന്‍ എന്തു വൈകൃതയും കാട്ടാന്‍ മടിക്കാത്ത മലയാളി. ആധുനികതയുടെ വിപ്‌ളവമാണെന്നു പറഞ്ഞ് ചുംബന സമരവും എന്തു തുണിപൊക്കി സമരവും നടത്താന്‍ മടിയിയില്ലാത്ത നിന്റെ പൊങ്ങച്ചവും പരിഷ്‌ക്കാരവും വെള്ളത്തില്‍ ചത്തുവീര്‍ത്ത ശവംപോലെയാണ്. മുന്നിലൊരു പ്രാണന്‍ പിടയുന്നതു കണ്ട് കാണാതെ പോകാന്‍ മാത്രം എവിടെന്നു കിട്ടി ഈ ക്രൂരത. മനുഷ്യനെ മറക്കുന്നതാണോ നിന്റെ വികസനവും പുരോഗതിയുമെന്ന് തലമുറചോദിക്കില്ലേ. ചിലപ്പോള്‍ ചോദിക്കില്ലായിരിക്കാം അവരും നിന്നെകണ്ടാണല്ലോ നല്ലപാഠം പഠിക്കുന്നത്!

സഹജീവിക്ക് ആപത്തുപിണഞ്ഞാല്‍ ഓടിയണഞ്ഞ് ചുരുങ്ങിയ പക്ഷം വലിയ വായില്‍ കരയുകയോ ദയനീയമായി കണ്ണീരൊഴുക്കുകയോ ചെയ്യുന്ന പക്ഷികളേയും മൃഗങ്ങളേയുമൊക്കെ നാം കണ്ടിട്ടില്ലേ. അതുപോലും ഇല്ലാതായോ വിശേഷബുദ്ധിയുള്ള മനുഷ്യന്. രോഗവും മരണവും അപകടവും നഷ്ടങ്ങളുമെല്ലാം അന്യനു മാത്രം വരുന്നതാണെന്നു വിചാരിക്കുന്ന നരക ചിന്തയില്‍ കഴിയുന്നതുകൊണ്ടാണ് ഇത്തരം കാണാതെപോകലുകള്‍ ഉണ്ടാകുന്നത്. ദുരിതങ്ങളും ദുന്തങ്ങളൊന്നും നമ്മുടേതല്ലെന്നു വിശ്വസിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണു മലയാളി.

നാളെ സിനിമാ താരങ്ങളും എഴുത്തുകാരും സാംസ്‌ക്കാരിക നായകന്മാരും രാഷ്ട്രീയക്കാരുമൊക്കെ വലിയ വായില്‍ മനുഷ്യ മഹത്വത്തെക്കുറിച്ചു പറഞ്ഞ് യേശുക്രിസ്തുമാരും ബുദ്ധന്മാരും ആകുന്നതു കാണാം. പണ്ട് ഗള്‍ഫു യുദ്ധം നടക്കുമ്പോള്‍ അതു കണ്ടു രസിച്ച അവിടത്തെ മലയാളികളോട് അസൂയ തോന്നിയ നാട്ടിലെ മലയാളികളെക്കുറിച്ചു കേട്ടിട്ടുണ്ട്. അതില്‍നിന്നൊന്നും പരിഷ്‌കൃതനായിട്ടില്ല ഇന്നും മലയാളി. പരിഷ്‌ക്കാരം ആദ്യം വേണ്ടത് മനസിലാണ്. മലയാളിയുടെ സഹജീവിസ്‌നേഹമില്ലായ്മ ഇനിയും ചാനലുകളില്‍ ചൂടുള്ള അന്തിച്ചര്‍ച്ചയാകാന്‍ വിട്ടുകൊടുക്കണോ. 

 

ചോര വാര്‍ന്ന് നടുറോഡില്‍; രക്ഷകനായി നൗഫല്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.