ചോര വാര്‍ന്ന് നടുറോഡില്‍; രക്ഷകനായി നൗഫല്‍

Thursday 29 March 2018 9:16 am IST
"undefined"

തിരുവനന്തപുരം: വയോ വൃദ്ധ ചോരവാര്‍ന്ന് നടുറോഡില്‍. യാത്രക്കാര്‍  നിസംഗതയോടെ മുഖം തിരിച്ച്.. ഒന്നല്ല നാല്പതിലേറെ വാഹനങ്ങളാണ് നടുറോഡില്‍ ചോരയൊഴുക്കിക്കിടക്കുന്ന അവരെ ഒഴിവാക്കി കടന്നുപോയത്. ഏറെ നേരം കിടന്നെങ്കിലും ദൈവത്തെ പോല്‍ നൗഫല്‍ എന്നയാള്‍ വന്നതിനാല്‍ അവര്‍ക്ക് ജീവന്‍ പോയില്ല. കഴിഞ്ഞ ദിവസം  കടയ്ക്കാവൂരാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം. അഞ്ചുതെങ്ങ്, നെടുംതോപ്പ് വീട്ടില്‍ ഫിലോമിന(65)യെയാണ് ബൈക്കിടിച്ച് വീഴ്ത്തിയത്. 

 മത്സ്യ വില്പനയ്ക്കായി കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിലൂടെ  വന്ന അവരെ അമിതവേഗതയിലെത്തിയ, മൂന്നുപേര്‍ കയറിയ  ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നടുറോഡില്‍ ബോധരഹിതയായി വീണ ഫിലോമിനയെ ആരും തിരിഞ്ഞുനോക്കിയില്ല. കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജില്‍ സ്ഥാപിച്ചിരുന്ന പോലീസിന്‍െ്റ സിസിടിവിയിലെ ഈ അപകട ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മനുഷ്യത്വരഹിതമായ ഈ സംഭവം പുറംലോകമറിയുന്നത്. 

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബൈക്കോടിച്ചയാളിനെ പോലീസ് ബുധനാഴ്ച അറസ്റ്റുചെയ്തു. ആറ്റിങ്ങല്‍ അവനവഞ്ചേരി, ജി.ജി ഹൗസില്‍ അരുണ്‍ ബാബു (21) നെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.  വൃദ്ധയെ പുറകില്‍ നിന്നാണ് ഇടിച്ചുവീഴ്ത്തിയത്. ശക്തമായ ഇടിയില്‍ ഫിലോമിനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നിരുന്നു. മത്സ്യം കൊണ്ടുപോയിരുന്ന പാത്രവും മറ്റും റോഡിലേയ്ക്ക്  തെറിച്ച് വീഴുകയും ചെയ്തു.  വൃദ്ധയെ ബൈക്കിടിച്ച് വീഴ്ത്തുന്നത് എതിര്‍ ദിശയയിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ കാണുകയും ചെയ്തു. 

 വൃദ്ധ ബോധരഹിതയായി വീണ് കിടക്കുന്നത് കണ്ടിട്ടും ഇവരും ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി.  തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് അതുവഴി കടന്നുപോയത്. നിറയെ യാത്രക്കാരുമായി സ്വകാര്യ ബസ്സും നിരവധി ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരും അതുവഴി കടന്നുപോയിട്ടും ഒരാള്‍പോലും നിര്‍ത്തി വൃദ്ധയെ ഒന്ന് നോക്കാന്‍ പോലും ശ്രമിച്ചില്ല. ചുവന്ന ബോര്‍ഡ് ഘടിപ്പിച്ച ഒരുവാഹനവും അതുവഴി കടന്നുപോയത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.  ഒടുവില്‍ കാല്‍നട യാത്രക്കാനായ വക്കം കായല്‍വാരം സ്വദേശി നൗഫലാണ്  ഇവരെ റോഡില്‍ നിന്നെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ പോലീസിനെ സഹായിച്ചത്. തലയില്‍ പന്ത്രണ്ടോളം തയ്യലുള്ള ഫിലോമിന അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തതിനാല്‍ മൊഴി നല്‍കാനായി ബുധനാഴ്ച കടയ്ക്കാവൂര്‍ സ്റ്റേഷനിലെത്തിയ ഫിലോമിനയുടെ സാന്നിധ്യത്തില്‍ രക്ഷകനായ നൗഫലിനെ ആദരിച്ചു. അറസ്റ്റിലായ അരുണ്‍ ബാബുവിനെ കോടതിയില്‍ ഹാജരാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.