ഒരുകോടിക്ക് താഴെ വിറ്റുവരവുള്ളവരെ ഒഴിവാക്കി; 'വാറ്റ്' കൊള്ളയ്ക്ക് താത്കാലിക വിരാമം

Friday 30 March 2018 2:35 am IST

കൊച്ചി: ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നിട്ടും മൂല്യവര്‍ധിത നികുതി(വാറ്റ്)യുടെ പേരില്‍ വ്യാപാരികളെ കൊള്ളയടിക്കാനുള്ള നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഭാഗികമായി പിന്‍മാറി. ഒരു കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കാനാണ് സര്‍ക്കാര്‍, നികുതി വകുപ്പിലെ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

മറ്റെല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി നടപ്പാക്കിയപ്പോള്‍ വാറ്റ് ഫയലുകള്‍ തീര്‍പ്പാക്കിയിട്ടും, കേരളം വ്യാപാരികളെ ദ്രോഹിക്കുന്നതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപാരികളും കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നു. ഇതേ തുടര്‍ന്നാണ് വാര്‍ഷിക വിറ്റുവരവ് ഒരുകോടിയില്‍ താഴെയുള്ളവരെ വാറ്റിന്റെ പേരില്‍ പീഡിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.

എന്നാല്‍, ഒരു കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവരെ നടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇതില്‍ വന്‍കിട വ്യാപാരികള്‍ക്ക് എതിര്‍പ്പുണ്ട്. സ്വര്‍ണ്ണവ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇത് ബാധിക്കുക. 2011-12  സാമ്പത്തിക വര്‍ഷം മുതല്‍ ജിഎസ്ടി നടപ്പാക്കിയതുവരെയുള്ള മൂല്യവര്‍ദ്ധിത നികുതി കണക്കാക്കിയാല്‍ വന്‍കിട വ്യാപാരികള്‍ വന്‍തുക പിഴയടയ്‌ക്കേണ്ടിവരും. 

പഴയ വാറ്റ് കേസുകള്‍ പുനഃപരിശോധിച്ച് ആയിരക്കണക്കിന് വ്യാപാരികള്‍ക്കാണ് സംസ്ഥാന ടാക്‌സ് കമ്മീഷണര്‍ നോട്ടീസ് അയച്ചിരുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരം നടപടിയുമായി മുന്നോട്ടുപോയത്. സെയില്‍സ് ടാക്‌സ് കോമ്പൗണ്ടിങ് നടത്തിയവരില്‍ നിന്ന് പോലും വാറ്റിന്റെ പേരില്‍ പിഴയീടാക്കാന്‍ ശ്രമിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതുമായി മുന്നോട്ടുനീങ്ങുന്നത് വ്യാപാര മേഖലയിലെ സ്തംഭനത്തിനിടയാക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.