റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രം; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂണ്‍ ഒന്ന് മുതല്‍ കടകള്‍ തുറക്കില്ല

Friday 30 March 2018 3:13 am IST

കോട്ടയം: കടവാടകയും, സെയില്‍സ്മാന്റെ ശമ്പളവും നല്‍കാതെ 16,000 രൂപ കൊണ്ട് റേഷന്‍ കടകള്‍ പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ജൂണ്‍ ഒന്ന് മുതല്‍ റേഷന്‍ കടകള്‍ തുറക്കില്ല. 

റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനപാക്കേജ് റദ്ദാക്കി കടവാടകയും സെയില്‍സ്മാന്റെ ശമ്പളവും ഉള്‍പ്പെടുത്തി പുതിയ പാക്കേജ് പ്രഖ്യാപിക്കണം, അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു. 

ഇ-പോസ് യന്ത്രത്തിലൂടെയുള്ള റേഷന്‍ വിതരണത്തില്‍ മണ്ണെണ്ണ ഉള്‍പ്പെടുത്താതത് പ്രതിഷേധാര്‍ഹമാണ്. ഇതുമൂലം മണ്ണെണ്ണയ്ക്ക് പ്രത്യേക രജിസ്റ്റര്‍ തയ്യാറാക്കേണ്ട അവസ്ഥയാണ്. ഭക്ഷ്യമന്ത്രി തുടര്‍ച്ചയായി യോഗം വിളിക്കുന്നതല്ലാതെ ഉത്തരവിറക്കുന്നില്ല. മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നു. ഇ-പോസ് മെഷീന്‍ തകരാറിലായാല്‍ കടയുടമകളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള ഉത്തരവ് അംഗീകരിക്കില്ല. ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ മുന്‍ഗണനാപട്ടിക കേന്ദ്ര സര്‍ക്കാരിന് നല്‍കി അംഗീകാരം വാങ്ങണം. 

നിലവിലെ മുന്‍ഗണനാ പട്ടികയില്‍നിന്നും നാലുലക്ഷം അനര്‍ഹരെ നീക്കംചെയ്ത ഒഴിവില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തണം. സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് ഏപ്രില്‍ 3ന് റേഷന്‍ വ്യാപാരികളുടെ കണ്‍വന്‍ഷന്‍ ചങ്ങനാശ്ശേരി അര്‍ക്കാഡിയ ഓഡിറ്റോറിയത്തില്‍ നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റ്റി.ജെ. ജോസഫ് കുഞ്ഞ്, പി.എം. നസീര്‍, വിനോ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.