ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ക്രൂരത: ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

Friday 30 March 2018 3:35 am IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ക്രൂരമായി പെരുമാറിയ ജീവനക്കാന്‍ ആര്‍. സുനില്‍കുമാറിനെ  സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജോബി ജോണും നേഴ്‌സിങ് സൂപ്രണ്ടും നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. 

19 ന് ആയിരുന്നു സംഭവം. വിളക്കുപാറ സ്വദേശി വാസുവാണ് ക്രൂരതയ്ക്ക് ഇരയായാത്. ഇടുപ്പെല്ലിന്റെ ചികിത്സക്കായി 15 ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വാസുവിന്റെ കട്ടിലിനരികലെത്തിയ ജീവനക്കാരന്‍ സുനില്‍കുമാര്‍ പ്രകോപനം കൂടാതെ കൈവിരലുകള്‍ ഞെരിക്കുകയായിരുന്നു.  വേദനകൊണ്ട് പുളയുമ്പോഴും കൈവിരലുകള്‍ വിടാന്‍ ജീവനക്കാരന്‍ കൂട്ടാക്കിയില്ല. രോഗിയെ 23 ന് ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

രോഗിയോട് മോശമായ രീതിയില്‍ പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷിക്കാന്‍ സൂപ്രണ്ടിന് മന്ത്രി കെ.കെ. ഷൈലജ നിര്‍ദ്ദേശം നല്‍കി. ഇത്തരം പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. 

തുടര്‍ചികിത്സക്ക് എത്തുന്ന ഈ രോഗിയുടെ ഇനിയുള്ള ചികിത്സകള്‍ സൗജന്യമായി നല്‍കാന്‍ ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കി. ചികിത്സ സൗജന്യമായി നല്‍കുമെന്നും സൂപ്രണ്ട് അറിയിച്ചു. കൈവിരലുകളില്‍ പിടിച്ചു ഞെരിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.