ക്ലാസ്സ് കയറ്റം പ്രഖ്യാപിക്കും മുമ്പ് പാഠപുസ്തക വിതരണം: സര്‍വ്വത്ര ആശയക്കുഴപ്പം

Friday 30 March 2018 4:10 am IST

തളിപ്പറമ്പ്: മധ്യവേനലവധിക്ക് മുമ്പ് പരീക്ഷ തീരുന്ന മുറയ്ക്ക് കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കണമെന്ന നിര്‍ദ്ദേശം ആശങ്കയും അവ്യക്തതയും ഉണ്ടാക്കുന്നു.  മെയ് രണ്ടാണ് ക്ലാസ്സ് കയറ്റം പ്രഖ്യാപിക്കുന്ന ദിവസം. അതിനു മുമ്പ് പാഠപുസ്തകം നല്‍കുമ്പോള്‍ പരീക്ഷയ്ക്ക് എന്ത് പ്രസക്തി എന്ന ചോദ്യമുയരുകയാണ്.  കുട്ടി  പഠിക്കുന്ന ക്ലാസ്സിന്റെ തൊട്ട് മുന്നിലുള്ള ക്ലാസ്സിലെ പുസ്തകം നല്‍കാനാണ്  വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. 

ഒന്നു മുതല്‍ എട്ടാം ക്‌ളാസ് വരെയുള്ള   ഒരു കുട്ടിയും തോല്‍ക്കില്ല എന്ന തുറന്നു സമ്മതിക്കലാണിത്.  ഒന്നും പഠിച്ചില്ലെങ്കിലും  ക്ലാസ്സ് കയറ്റം ലഭിക്കുമെന്ന വിശ്വാസം കുട്ടികളില്‍ ഇത് ഉറപ്പിന്നു. സ്‌കൂള്‍ സഹ.  സംഘങ്ങള്‍ മുഖേന   എല്ലാ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവ വിതരണം ചെയ്ത വിദ്യാലയങ്ങള്‍  കുറവാണ്. പരീക്ഷാ ഫലം പ്രഖ്യാപിച്ച ശേഷം മതി പുസ്തക വിതരണം എന്ന് മിക്ക വിദ്യാലയങ്ങളിലേയും അധ്യാപകയോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പാഠപുസ്തകത്തിന്റെ കൂടുതല്‍ കുറവ് കണക്ക് നല്‍കണം എന്ന് വിദ്യാലയങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏപ്രില്‍ ആദ്യ ആഴ്ച്ചയില്‍ത്തന്നെ കണക്ക് നല്‍കണം. 

രണ്ടാം ക്ലാസ്സ് മുതല്‍ ഒന്‍പതാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവസാന പരീക്ഷ തീരുന്ന മുറയ്ക്ക് പുസ്തകങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണമെന്ന് പറയുന്ന നിര്‍ദ്ദേശത്തില്‍ ഒരു വൈരുദ്ധ്യവും കടന്നു കൂടിയിട്ടുണ്ട്. ഈ അറിയിപ്പില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള പാഠപുസ്തകങ്ങളുടെ കൂടുതല്‍ -കുറവ് കണക്കുകള്‍ എത്തിക്കണമെന്നു പറയുന്നു. ഒന്നാം ക്ലാസ്സില്‍ ചേരാന്‍ സാധ്യതയുള്ള കുട്ടികളുടെ കണക്ക് കൊടുത്താണ് പ്രഥമാദ്ധ്യാപകര്‍ പുസ്തകം കൈപ്പറ്റിയത്. മാര്‍ച്ച് മാസത്തില്‍ പൊതുവെ ഒന്നാം ക്ലാസ്സില്‍ കുട്ടികളെ രക്ഷിതാക്കള്‍ ചേര്‍ക്കാറില്ല. മിക്ക രക്ഷിതാക്കളും മെയ് മാസത്തിലാണ് കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുക. എന്നാല്‍ അഡ്മിഷന്‍ ആരംഭിക്കാതെ പ്രഥമാദ്ധ്യാപകര്‍ക്ക് പാഠപുസ്തകത്തിന്റെ കൂടുതല്‍ കുറവ് കണക്ക് നല്‍കാന്‍ സാധിക്കില്ല.

9, 10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ വിലകൊടുത്ത് വാങ്ങണം. വേനലവധിക്കാലത്ത് സൗകര്യം പോലെയാണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ പണം കൊടുത്ത് വാങ്ങുക. അതിന്റെ കൂടുതല്‍ കുറവ് കണക്കും ഏപ്രില്‍ ആദ്യവാരം നല്‍കണം. ഒരു പ്രായോഗിക ചിന്തയും ഇല്ലാതെ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്ന പതിവ് അടുത്ത കാലത്തായി വിദ്യാഭ്യാസ വകുപ്പില്‍ ഏറി വരികയാണെന്ന് പ്രഥമാദ്ധ്യാപകര്‍ പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.