ബൈക്ക് യാത്രക്കാരെ വലിച്ച് നിലത്തിട്ട സംഭവം: കേസ് അട്ടിമറിക്കുന്ന പോലീസിനെതിരെ യാത്രക്കാരന്‍ നിയമ നടപടിക്ക്

Friday 30 March 2018 4:15 am IST

കൂത്താട്ടുകുളം: നല്ല പെരുമാറ്റം പഠിപ്പിക്കാന്‍ പരിശീലനം ലഭിച്ചതിന് തൊട്ടുപിന്നാലെ ബൈക്ക് യാത്രക്കാരെ പോലീസ് വലിച്ച് നിലത്തിട്ട സംഭവത്തില്‍ വാദിയെ പ്രതിയാക്കാന്‍ നീക്കം. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോഴിപ്പിള്ളി വേങ്ങത്താനത്ത് വിനോദി(34)ന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. വിനോദ് മദ്യപിച്ചിരുന്നതായി കാട്ടി അന്വേഷണം അവസാനിപ്പിക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കാകാനാണ് വിനോദിന്റെ നീക്കം.

കാലിന് മുറിവ് പറ്റിയ വിനോദ് ഇപ്പോഴും ചികിത്സയിലാണ്. വിനോദ് മദ്യപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇതുസംബന്ധിച്ച ഒരു പരിശോധനയും പോലീസ് നടത്തിയിട്ടില്ലെന്നാണ് വിനോദ് പറയുന്നത്. വിനോദ് മദ്യപിച്ചതായി ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ വിളിച്ചുവരുത്തി അറിയിച്ചിരുന്നു. എന്തിനാണ് പോലീസ് തന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ലെന്നാണ് വിനോദ് പറയുന്നത്. 

ചൊവ്വാഴ്ച  രാത്രി ഏഴേകാലോടെയാണ് പരിശോധനയ്ക്കിടെ വിനോദിനെയും സുഹൃത്തിനെയും ബൈക്കില്‍ നിന്ന് വലിച്ച് താഴെയിട്ടത്. നിയന്ത്രണം വിട്ട ബൈക്ക് പോലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിനോദിനെയും സുഹൃത്തിനെയും ആശുപത്രിയിലെത്തിക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടതോടെയാണ് വിനോദിനെ ആശുപത്രിയിലെത്തിച്ചത്. സംഭവം വിവാദമായതോടെ, അതില്‍ നിന്ന് തലയൂരാനുള്ള നീക്കമാണ് വിനോദ് മദ്യപിച്ചെന്ന് പറയുന്നതിന് പോലീസിനെ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. 

അതേസമയം, വിനോദിന്റെ മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയില്‍ ചെന്നിരുന്നുവെന്നും മൊഴി നല്‍കാന്‍ വിനോദ് തയ്യാറായില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.