റേഡിയോ ജോക്കിയുടെ കൊലപാതകം: ഖത്തര്‍ ബന്ധം ഉറപ്പിച്ച് പോലീസ്

Friday 30 March 2018 4:40 am IST

കിളിമാനൂര്‍: റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ മടവൂര്‍ ആശാഭവനില്‍ രാജേഷിന്റെ കൊലപാതകത്തില്‍ ഖത്തര്‍ ബന്ധം സ്ഥിരീകരിച്ച് പോലീസ്. അന്വേഷണം വിദേശത്തേയ്ക്കും വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെങ്കിലും ഇതുമായി പോലീസിന് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കിളിമാനൂര്‍ സിഐ പ്രദീപ് കുമാര്‍ പറഞ്ഞു. രാജേഷിന്റെ മൊബെല്‍ ഫോണ്‍ ലോക്ക് മാറ്റി പരിശോധന നടത്തിയിട്ടില്ലെന്നും നടപടികള്‍ നടന്നുവരുന്നതായും സിഐ കൂട്ടിച്ചേര്‍ത്തു.

പോലീസ് സ്ഥിരീകരിക്കുന്നില്ലെങ്കിലും ഫോണ്‍ ലോക്ക് അഴിച്ച് പരിശോധിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും  ആശുപത്രിയിലേക്ക് പോകും വഴി രാജേഷിന്റെ മരണമൊഴി രേഖപ്പെടുത്തിയതായും പറയപ്പെടുന്നു. രാജേഷിന്റെ സുഹൃത്തും അടുത്തിടെ വിവാഹമോചിതയുമായ യുവതിയുടെ മുന്‍ ഭര്‍ത്താവ് ഖത്തര്‍ വ്യവസായി ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് സൂചനയുണ്ട്. 

സംഭവസമയം ഇവരുമായിട്ടായിരുന്നു രാജേഷ് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നതെന്നും പറയപ്പെടുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് ക്വട്ടേന്‍ സംഘത്തിലുണ്ടായിരുന്നതെന്ന സൂചനയും പോലീസ് പരിശോധിച്ച് വരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനായി കോള്‍ലിസ്റ്റുകള്‍ നല്‍കാന്‍ പോലീസ് സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.