മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഫയലില്‍ തന്നെ

Thursday 29 March 2018 10:21 pm IST

 

മട്ടന്നൂര്‍: വിമാനത്താവളം യാഥാര്‍ത്ഥ്യമാവാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഫയലില്‍ ഉറങ്ങുന്നു. വിമാനത്താവള പരിസര പ്രദേശങ്ങളിലെ ക്രമസമാധാനപാലനത്തിനായാണ് മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന മന്ത്രിസഭ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ കയ്യാളുന്ന ആഭ്യന്തര വകുപ്പ് മെല്ലെപ്പോക്ക് നയമാണ് അനുവര്‍ത്തിക്കുന്നത്. കെട്ടിടവും ജീവനക്കാരേയുമടക്കം ഇതിനു വേണ്ട പ്രാരംഭ നടപടികളൊന്നും ആരംഭിച്ചിട്ടില്ല.

വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കൂടുതല്‍ പേര്‍ എത്തിച്ചേരുന്നതോടെ മട്ടന്നൂര്‍ പോലീസിനു മാത്രം ക്രമസമാധാന പരിപാലനം വേണ്ടതുപോലെ നിര്‍വ്വഹിക്കാന്‍ കഴിയുകയില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വില്ലേജുകളെ പ്രതിനിധാനം ചെയ്യുന്ന പോലീസ് സ്റ്റേഷനാണ് മട്ടന്നൂര്. ആറ് വില്ലേജുകളിലായി മുപ്പത്തിയൊന്നായിരം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 1983ലെ പുനര്‍വിന്യാസ ഉത്തരവനുസരിച്ച് അതേ പോലീസ് ശക്തി ഇപ്പോഴും നിലനില്‍ക്കുന്ന പോലീസ് സ്റ്റേഷനാണ് മട്ടന്നൂരിലുള്ളത്. ഇതിനു പുറമെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ നിലവിലെ സ്റ്റേഷനിലെ പോലീസുകാര്‍ക്ക് ഇപ്പോള്‍ത്തന്നെ ജോലിഭാരം കൂടുതലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.