പയ്യന്നൂര്‍: പയ്യന്നൂര്‍ രാമന്തളി കുന്നരു കാരന്താട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് സ്കൂട്ടറുകള് കത്തിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. കാരന്താട്ട് സ്കൂളിന് സമീപം താമസിക്കുന്ന കൂലേരി സുരേന്ദ്രന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 59 ക്യൂ 8854, കെഎല്‍ 59 കെ 8501 നമ്പര്‍ സ്കൂട്ടറുകളാണ് അഗ്നിക്കിരയാക്കിയത്. സ്കൂട്ടറുകള് പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്. രണ്ടു സ്കൂട്ടറും സുരേന്ദ്രന്റെതാണ്. ഇതില്‍ ഒരെണ്ണം അടുത്ത ദിവസം വാങ്ങിയതാണെന്ന് പറയുന്നു.
വീടിനോട് ചേര്‍ന്ന മുറ്റത്താണ് സ്കൂട്ടറുകള് പാര്‍ക്ക് ചെയ്തിരുന്നത്. പുലര്‍ച്ചെ മൂന്നു മണിയോടെ ആളിക്കത്തിയ തീയുടെ ചൂട് വീട്ടിനകത്തേക്ക് കടന്നപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ഉടന്‍ തന്നെ വെള്ളം ഒഴിച്ച് കെടുത്തിയെങ്കിലും അപ്പോഴേക്കും പൂര്‍ണ്ണമായും കത്തിയിരുന്നു. തീച്ചൂടേറ്റ് വീടിനും കേടുപാടുകള്‍ സംഭവിച്ചു. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. പെട്രോള്‍ ഒഴിച്ചാണ് തീവെച്ചതെന്ന് സംശയിക്കുന്നു. വാഹന ഉടമകളില്‍ നിന്നും ഇന്‍ഷുറന്‍സ് തുക ശേഖരിച്ച് കമ്പനിയില്‍ അടക്കുന്ന ജോലിയാണ് സുരേന്ദ്രന് ചെയ്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: