സോഷ്യലിസത്തിൽ നിന്ന് സംഘകുടുംബത്തിലേക്ക്

Friday 30 March 2018 5:20 am IST
കുലീനതയുടെ ആള്‍രൂപമായ ഡോ. കെ. മാധവന്‍കുട്ടി, കഴിഞ്ഞ നാലു ദശകങ്ങളായി കേരളത്തിലെ സംഘാനുബന്ധ പ്രസ്ഥാനങ്ങള്‍ക്ക് വാത്സല്യനിധിയായ മാര്‍ഗദര്‍ശിയായിരുന്നു.
"undefined"

ഒരു സാധാരണ മലയാളി ഏറെ കൗതുകത്തോടെയാവും ഡോ.കെ. മാധവന്‍ കുട്ടിയുടെ ജീവിതകഥ കാണുക. സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ വളര്‍ന്ന വിദ്യാര്‍ത്ഥികാലം, ചികിത്സ നടത്താതെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ മൂന്നു ദശകക്കാലം പഠിപ്പിച്ച ഡോക്ടര്‍, സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം നാല്‍പതു വര്‍ഷത്തിലേറെ സംഘപരിപാര്‍ പ്രസ്ഥാനങ്ങളുമായി ഗാഢമായി ഇഴുകിച്ചേര്‍ന്നുള്ള പൊതു പ്രവര്‍ത്തനം.

സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ കോഴിക്കോട്ട് ക്വിറ്റിന്ത്യ സമരത്തില്‍ പങ്കെടുത്ത ചരിത്രമുണ്ട് അദ്ദേഹത്തിന്. അക്കാലത്ത് കോഴിക്കോട് ടൗണ്‍ഹാളില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി പ്രസംഗിക്കുകയും, അതിന്റെ പേരില്‍ തല്ലുകൊള്ളുകയും ചെയ്തു. പിന്നീട് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി മദിരാശി സ്റ്റാന്‍ലി കോളേജില്‍ ചേര്‍ന്നതോടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങളായി. അവിടെ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായിരുന്നു. രാംമനോഹര്‍ ലോഹ്യയുടെ ചിന്താഗതികളോടായി ആഭിമുഖ്യം. കാമരാജ്, ശ്രീപ്രകാശം, ജയപ്രകാശ് നാരായണന്‍, ജോര്‍ജ് ഫെര്‍ണാണ്ടസ്, അരങ്ങില്‍ ശ്രീധരന്‍ എന്നിവരോടൊപ്പമുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും വിദ്യാഭ്യാസത്തോടൊപ്പം നടന്നു. പക്ഷേ, രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനം പഠനത്തെ ബാധിച്ചില്ല, മികവോടെ പരീക്ഷകള്‍ ജയിച്ചു.

1950-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചതോടെ രാഷ്ട്രീയം മാറ്റിവച്ചു. പിന്നെ മുപ്പതു വര്‍ഷം മെഡിക്കല്‍ അധ്യാപകന്‍, മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ തുടങ്ങി ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ പദവിവരെയെത്തി. ആ പദവിയിലിരുന്നാണ് വിരമിച്ചത്. ഇതിനിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടെ ഉപരിപഠനം നടത്താനും അവസരങ്ങളുണ്ടായി. അമേരിക്കയില്‍ മെച്ചപ്പെട്ട ശമ്പളത്തോടെ ജോലിചെയ്യാനുള്ള അവസരവും കൈവന്നു. പക്ഷേ ഡോ. മാധവന്‍കുട്ടിക്ക് കേരളവും കോഴിക്കോടുംതന്നെ മതിയായിരുന്നു. കേരളത്തില്‍ ഇന്ന് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരില്‍ 80-90 ശതമാനം പേരും മാധവന്‍കുട്ടിയുടെ ശിഷ്യരോ പ്രശിഷ്യരോ ആണ്. ആരാധനയോടെയാണ് ശിഷ്യ- പ്രശിഷ്യഗണം  ഡോക്ടറെ ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ 'ദ ടെക്സ്റ്റ് ബുക്ക് ഓഫ് ഫിസിയോളജി' എന്ന പുസ്തകം  വര്‍ഷങ്ങളായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനാവശ്യമായ അക്കാദമിക പുസ്തകങ്ങള്‍, പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ രചനകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. കോളേജധ്യാപകനും പ്രിന്‍സിപ്പലുമൊക്കെയായിരുന്ന കാലത്ത് വിദ്യാര്‍ത്ഥി സമരവും ഘെരാവോയുമെല്ലാം നേരിടേണ്ടി വന്നിട്ടുമുണ്ട്. ഒരു ചിത്രകാരന്‍ കൂടിയായ മാധവന്‍ കുട്ടിയുടെ മികച്ച ചില രചനകള്‍  കുട്ടികളുടെ ഘെരാവോ നേരിടേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ വരച്ചതാണ്. അന്നത്തെ ഘെരാവോക്കാരെല്ലാം പിന്നീട് ഗുരുനാഥനെ സ്‌നേഹാദരങ്ങളോടെയാണ് കണ്ടിരുന്നത് എന്നതും എടുത്തുപറയേണ്ടതുണ്ട്.

ഇങ്ങനെ സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജീവിതവും സംഭവബഹുലമായ സര്‍വീസ് ജീവിതവും കടന്നാണ് 1980-കളുടെ ആദ്യ വര്‍ഷങ്ങളില്‍ റിട്ടയര്‍മെന്റ് ജീവിതം തുടങ്ങുന്നത്. എല്ലാക്കാലത്തും എല്ലായിടത്തും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ആ ജീവിതത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയും അതിന്റെ സാഫല്യവുമായിരുന്നു പിന്നീടുള്ള നാല്‍പതിലേറെ വര്‍ഷങ്ങള്‍. ദല്‍ഹി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന്  പി. പരമേശ്വരന്‍, കേരളത്തിലെത്തി ഭാരതീയ വിചാര കേന്ദ്രത്തിന് തുടക്കം കുറിച്ച സമയമായിരുന്നു അത്. 1982  വിജയദശമി നാളില്‍ വിചാരകേന്ദ്രം ആരംഭിച്ചപ്പോള്‍ സ്ഥാപക പ്രസിഡന്റായി ഡോ. മാധവന്‍ കുട്ടിയും സ്ഥാനമേറ്റു.

ലോഹ്യാസോഷ്യലിസ്റ്റില്‍ നിന്ന് സംഘപരിവാറിന്റെ വൈചാരിക മണ്ഡലത്തിലേക്കുള്ള ഈ പരിവര്‍ത്തനത്തെക്കുറിച്ച് ഡോ. മാധവന്‍ കുട്ടി പറയുന്നു. ''സോഷ്യലിസത്തിന്റെ അവസാനം എന്നെ എത്തിച്ചത് ഹിന്ദുത്വദര്‍ശനത്തിലാണ്. ഭാരതത്തില്‍ ഒരു സോഷ്യലിസ്റ്റിന് പ്രവര്‍ത്തിക്കാന്‍ ഒരിടമുണ്ടെങ്കില്‍, ഇതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സമത്വവാദത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികളായിരുന്നു അവര്‍. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത രാഷ്ട്രീയ പൊതു പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വന്തം പ്രയത്‌നം കൊണ്ടുണ്ടാക്കിയ പണം നാടിനുവേണ്ടി ചെലവഴിക്കാന്‍ തയ്യാറാവുകയെന്നത് ഇന്ന് കാണാന്‍ കഴിയാത്തതാണ്. എന്നാല്‍ നിരവധി സ്വയംസേവകരുടെ ജീവിതം എനിക്ക് മനസ്സിലാക്കിത്തന്നത് രാഷ്ട്രത്തിനുവേണ്ടിയുള്ള അര്‍പ്പണം എങ്ങനെ സാധാരണ ജീവിതംകൊണ്ട് സാധ്യമാണെന്നാണ്. ഞാനൊരിക്കലും ആര്‍എസ്എസ് അംഗമായിരുന്നിട്ടില്ല, എന്നാല്‍ ദേശീയ പരിവര്‍ത്തനത്തിന് ഹിതകരമായ പ്രവര്‍ത്തനം ആര്‍എസ്എസ്സിന്റേതാണ്''

നേരത്തെ (1962) കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ പരിചയം ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് സഹായകമായി. ആ സംഘടന (ശാസ്ത്രസാഹിത്യ പരിഷത്ത്) രാഷ്ട്രീയവല്‍ക്കിരക്കപ്പെട്ടുതുടങ്ങിയതോടെയാണ്  മാധവന്‍കുട്ടി അതില്‍നിന്ന് പിന്‍വാങ്ങിയത്.

വിചാരകേന്ദ്രവുമായി തുടങ്ങിയ ബന്ധം അദ്ദേഹത്തെ സംഘകുടുംബത്തിലെ വാത്സല്യനിധിയായ കാരണവരുടെ തലത്തിലേക്ക് എത്തിച്ചു. സേവാഭാരതി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ അകംതുറന്ന് പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതുപോലെ ബാലഗോകുലം, തപസ്യ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കും ഏതു സമയത്തും അദ്ദേഹത്തെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ആവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ അവര്‍ക്കു നല്‍കുമായിരുന്നു.

ഈ ബന്ധത്തിന്റെ മറ്റൊരു ഘട്ടമായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ പുനരാഗമനം. വിദ്യാര്‍ഥിയായിരിക്കെ സോഷ്യലിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തിയിരുന്ന മാധവന്‍കുട്ടി, റിട്ടയര്‍മെന്റ് ജീവിതകാലത്ത് രണ്ട് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഒരിക്കല്‍ ബിജെപി പിന്തുണയോടെ  കോഴിക്കോട് മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി ലോക്സഭയിലേക്ക്. മറ്റൊരിക്കല്‍ ബേപ്പൂര്‍ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക്. നല്ല മത്സരം കാഴ്ചവച്ചെങ്കിലും വിജയം കണ്ടില്ല. വിജയമോ, തോല്‍വിയോ ആയിരുന്നില്ല വാസ്തവത്തില്‍ ആ പോരാളിയെ പ്രചോദിപ്പിച്ചത്. താന്‍ വിശ്വസിച്ചാദരിക്കുന്ന ആശയാദര്‍ശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം, അങ്ങനെയാണ് അദ്ദേഹം തെരഞ്ഞെടുപ്പുകളെ കണ്ടത്

ഹിന്ദുത്വവക്താക്കള്‍ക്ക് ഒരു ചാനല്‍ എന്ന നിലയില്‍ ജനം ടിവി തുടങ്ങിയത് അദ്ദേഹത്തെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. കേസരി, ജന്മഭൂമി, ജനംടിവി- ഈ മാധ്യമങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കാനും അഭിപ്രായം തുറന്നുപറയാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 

ദീര്‍ഘകാലം കോഴിക്കോട്ടെ പൊതുവേദികളില്‍ നിറസാന്നിധ്യമായിരുന്നു ഡോ. മാധവന്‍ കുട്ടി. കുലീനതയുടെ ആള്‍ രൂപമായിരുന്ന ആ ഉന്നത ശീര്‍ഷന്‍ ഏതു വേദിയിലും ഒരലങ്കാരമായിരുന്നു. മികച്ച പ്രഭാഷകനായതിനാല്‍ ഏതു സദസ്സിനെയും പെട്ടെന്ന് കയ്യിലെടുക്കാന്‍ നിഷ്പ്രയാസം കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.