ഗുരു, വഴികാട്ടി

Friday 30 March 2018 5:16 am IST

1960-കളില്‍ അവസാനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നപ്പോഴാണ് ഡോ. കെ.മാധവന്‍കുട്ടിയെ ആദ്യമായി കാണുന്നത്. അന്ന് മെഡിക്കല്‍ കോളേജില്‍ സര്‍വാദരണീയരായ ഏതാനും അധ്യാപക ശ്രേഷ്ഠര്‍ ഉണ്ടായിരുന്നു. തങ്ങളുടെ വിഷയത്തിലെ പ്രാഗത്ഭ്യംകൊണ്ട് വിദ്യാര്‍ത്ഥികളുടെ മനംകവര്‍ന്നവരായിരുന്നു ഇവര്‍. ആദരവോടെ അല്‍പ്പം അകലംപാലിച്ചുമാത്രമായിരുന്നു വിദ്യാര്‍ത്ഥികള്‍ ഇടപെട്ടിരുന്നത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു മാധവന്‍കുട്ടി സാറും. വ്യത്യാസം ഒന്നുമാത്രം. വിദ്യാര്‍ത്ഥികളോട് അടുത്തിടപഴകിയിരുന്നു, അവരുടെ പാഠ്യേതര വിഷയങ്ങളിലും സജീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നതാണ് ആ വ്യത്യാസം. 

ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിതരായി. രണ്ടുപരീക്ഷയില്‍ തോറ്റാല്‍ പഠനം ഉപേക്ഷിച്ച് പോകേണ്ട സാഹചര്യമായിരുന്നു അന്ന്. ഒരുപരീക്ഷ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സമരത്തിന് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ എല്ലാ പ്രൊഫസര്‍മാരും എതിരുനിന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ ആവശ്യം ന്യായമാണെന്ന് പരസ്യമായ നിലപാടായിരുന്നു മാധവന്‍കുട്ടി സാറിന്റേത്. വിദ്യാര്‍ത്ഥികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിച്ച പിന്തുണയായിരുന്നു ഇത്. 

ഫിസിയോളജിയായിരുന്നു മാധവന്‍കുട്ടിസാറിന്റെ വിഷയം. ഈ വിഷയത്തില്‍ ലോകം അംഗീകരിച്ച നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു. ശിഷ്യസമ്പത്തായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. വിരമിച്ചവരും ഇപ്പോള്‍ സര്‍വ്വീസിലുള്ളവരുമായ പ്രശസ്ത മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാര്‍ പലരും മാധവന്‍കുട്ടി സാറിന്റെ ശിഷ്യന്മാരാണ്. ഏതുസംശയത്തിനും എപ്പോള്‍ വേണമെങ്കിലും വിളിച്ചുചോദിക്കാം. വ്യക്തവും സമഗ്രവും കൃത്യവുമായ ഉത്തരം ലഭിക്കും.

വൈദ്യശാസ്ത്രത്തെ അതുല്യമായ സ്ഥാനം നിലനിര്‍ത്തുമ്പോഴും സമാജസേവനത്തിനായി സമയം കണ്ടെത്തിയെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഭാരതീയ വിചാരകേന്ദ്രം, സേവാഭാരതി തുടങ്ങി ദേശീയ ചിന്താധാര മുറുകെ പിടിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുമായി ഇടപെടാനും ചുമതല വഹിക്കാനും ഡോ. മാധവന്‍കുട്ടി ഒരിക്കലും മടി കാണിച്ചില്ല. എന്തെങ്കിലും സ്ഥാനംകിട്ടുമെന്നോ നേട്ടമുണ്ടാകുമെന്നോ കരുതിയായിരുന്നില്ല ഇത്. നിസ്വാര്‍ത്ഥ സേവനം മാത്രമായിരുന്നു. സേവാഭാരതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുതരത്തില്‍ എനിക്ക് പ്രേരണയും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമാണ്. 

ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പദ്ധതി ആദ്യമായി നടപ്പാക്കിയത് കോഴിക്കോട് സേവാഭാരതിയാണ്. മാധവന്‍കുട്ടി സാറായിരുന്നു അതിന് നേതൃത്വം നല്‍കിയത്. അത് മാതൃകയാക്കിയാണ് തിരുവനന്തപുരത്ത് സേവാഭാരതി  ഭക്ഷണവിതരണം ആരംഭിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമെ ജില്ലയിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നുണ്ട്. സേവാഭാരതിയുടെ പ്രവര്‍ത്തനം കണ്ട് മറ്റ് പല  യുവജനസംഘടനകളും  സൗജന്യഭക്ഷണ വിതരണം നടത്തുന്നു. അഭിമാനിക്കാവുന്ന കാര്യംതന്നെയാണിത്.

ദേശീയതയെയും വൈദ്യശാസ്ത്രത്തെയും വൈജ്ഞാനിക ശാസ്ത്രത്തെയും ഒരുപോലെ ഉള്‍ക്കൊണ്ട ഡോ. കെ.മാധവന്‍കുട്ടി സാറിന്റെ വേര്‍പാട് ഉണ്ടാക്കുന്ന ശൂന്യത ചെറുതല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.