മാറുന്ന കേരളത്തിൻ്റെ രാഷ്ട്രീയ ജീവിതം

Friday 30 March 2018 5:25 am IST
കേരളത്തിന്റെ സമഗ്ര പരിവര്‍ത്തത്തിന് ആവശ്യമായ രാഷ്ട്രീയമായിരുന്നു അദ്ദേഹം മുന്നോട്ട്‌വച്ചത്. അതിന് ആഴത്തിലുള്ള ദാര്‍ശനിക അടിത്തറയുമുണ്ടായിരുന്നു. അതാണ് അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിലൂടെ പിന്നീട് മുഴുമിപ്പിക്കാനാഗ്രഹിച്ചത്.
"undefined"

സോഷ്യലിസത്തിന്റെ പാതയില്‍നിന്ന് രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുകയും ഭാരതീയ വിചാരകേന്ദ്രത്തിന്റെ അദ്ധ്യക്ഷനായി അതിന് ഹരിശ്രീ കുറിക്കുന്നതിന് പി. പരമേശ്വരനോടൊപ്പം പങ്കാളിയാവുകയും ചെയ്ത ഡോ. കെ. മാധവന്‍കുട്ടിയുടെ സാമൂഹ്യരാഷ്ട്രീയ ജീവിതം മാറുന്ന കേരളത്തിന്റെ ചിത്രമാണ് നല്‍കുന്നത്. അച്യുത്പട്‌വര്‍ദ്ധനെപ്പോലെയുള്ള ദേശീയ സോഷ്യലിസ്റ്റ് ചേരിയിലെ മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. എം. ഗോവിന്ദനെപ്പോലെയുള്ള റോയിസ്റ്റുകളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ലോഹ്യവിചാരവേദിയുടെയും ശാസ്ത്രസാഹിത്യപരിഷത്തിന്റെയും അമരത്തുണ്ടായിരുന്ന ഡോ. മാധവന്‍കുട്ടി പിന്നീട് മാറിയതെങ്ങനെ എന്ന ചോദ്യം രാഷ്ട്രീയകേരളം വിവാദങ്ങളിലൂടെ ഏറെ ചര്‍ച്ചചെയ്തിട്ടുണ്ട്. 

1942-ല്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ എത്തിയ ദത്തോപാന്ത് ഠേംഗ്ഡിയുമായി ആദ്യസമ്പര്‍ക്കത്തിലെത്തിയ പാലക്കല്‍ മാധവ മേനോന്‍ (മാധവ്ജി) ടി.എന്‍. ഭരതന്‍ തിരുമുല്‍പ്പാട്(ടി.എന്‍. ഭരതേട്ടന്‍) തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ സാമൂതിരി കോളേജിലെ സഹപാഠികള്‍. അന്നൊന്നും അദ്ദേഹത്തിന് ആര്‍എസ്എസുമായി ബന്ധമുണ്ടായിരുന്നില്ല. ''ക്വിറ്റ്ഇന്ത്യ സമരത്തിന്റെ തീച്ചൂളയില്‍ സുഭാഷ് ചന്ദ്രബോസിനെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും മാത്രമേ ഞങ്ങള്‍ക്ക് സ്വീകരിക്കാന്‍ സാധ്യമായിരുന്നുള്ളൂ. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുണ്ടായിരുന്ന വിരോധം ആര്‍എസ്എസിനോടുണ്ടായിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. ഇതിന് കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യസമരത്തിനെതിരായി പ്രവര്‍ത്തിച്ചു എന്നുള്ള വിശ്വാസമാണ്'' അദ്ദേഹം പറയുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സ്‌പെഷ്യല്‍ ഓഫീസറും ആയിരിക്കുമ്പോഴാണ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തിയുമായി അദ്ദേഹം ബന്ധപ്പെടുന്നത്. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ നിന്നാണ് നിലവിലുള്ള രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഒരു പ്രജായത്ത, സോഷ്യലിസ്റ്റ് വാദിക്ക് ഏറ്റവും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സംവിധാനമാണ് സംഘപരിവാറെന്ന് തനിക്ക്  ബോധ്യപ്പെട്ടതെന്ന് അദ്ദേഹം തുറന്നുപറയുന്നു. 

1984-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ആലോചനകള്‍ മുറുകി. സോഷ്യലിസ്റ്റ് ഇടതുപക്ഷ ചേരി സഹായിക്കുമെന്ന പ്രതീക്ഷ മാധവന്‍കുട്ടിക്കുണ്ടായിരുന്നു. കോഴിക്കോട്ടെ നേതാക്കന്മാരുമായി അദ്ദേഹം ഇത് ചര്‍ച്ച ചെയ്തു. എന്നാല്‍ യുഡിഎഫിനെതിരെ വിമതലീഗിന് വാക്കുകൊടുത്തുപോയി എന്നായിരുന്നു അവരുടെ പിന്നീടുള്ള അട്ടിമറിവാദം. ഇത് അദ്ദേഹത്തിന് വലിയ തിരിച്ചടിയും തിരിച്ചറിവുമായിരുന്നു. നിലവിലുള്ള എല്ലാ പദവികളും-സര്‍ക്കാര്‍ പദവികളടക്കം- രാജിവച്ച് അദ്ദേഹം തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. ബിജെപിയുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. കെ.ജി. അടിയോടിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. കെ. കരുണാകരന്‍ നേരിട്ട് വിളിച്ച് മത്സരത്തില്‍ നിന്ന് പിന്മാറാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. 

പിന്നീട് 1991-ല്‍ ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചതാണ് രാഷ്ട്രീയ കേരളത്തില്‍ വിവാദ കൊടൂങ്കാറ്റ് അഴിച്ചുവിട്ടത്. യുഡിഎഫും ബിജെപിയും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ കെ. മാധവന്‍കുട്ടിയെ പിന്തുണയ്ക്കാനെത്തി. ഈ തെരഞ്ഞെടുപ്പ് തന്ത്രം രാഷ്ട്രീയ കേരളത്തില്‍ വന്‍വിവാദമായി മാറി. ഈ തീരുമാനം തെറ്റായിപ്പോയെന്ന വിലയിരുത്തലിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം വികസനത്തെ മുരടിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യത്തെയാണ് അദ്ദേഹം രാഷ്ട്രീയമായി നേരിടാന്‍ ആഗ്രഹിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചതുരക്കള്ളികള്‍ക്കുള്ളിലായിരുന്നില്ല ഡോക്ടറുടെ രാഷ്ട്രീയ ദര്‍ശനം. കേരളത്തിന്റെ സമഗ്ര പരിവര്‍ത്തത്തിന് ആവശ്യമായ രാഷ്ട്രീയമായിരുന്നു അദ്ദേഹം മുന്നോട്ട് വച്ചത്. അതിന് ആഴത്തിലുള്ള ദാര്‍ശനിക അടിത്തറയുമുണ്ടായിരുന്നു. അതാണ് അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിലൂടെ പിന്നീട് മുഴുമിപ്പിക്കാനാഗ്രഹിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.