'കീഴടങ്ങില്ല കീഴാറ്റൂര്‍' ബിജെപി മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേരും : ബിജെപി

Thursday 29 March 2018 10:46 pm IST

 

കണ്ണൂര്‍: ഏപ്രില്‍ 3 ന് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് നടക്കുന്ന കര്‍ഷക മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേരുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് നയിക്കുന്ന മാര്‍ച്ച് കീഴാറ്റൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. 

കേരളത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ബിജെപി സക്രിയമായി ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. ആറന്മുള വിമാനത്താവളത്തിനെതിരേയും പശ്ചിമഘട്ട സംരക്ഷണത്തിനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച സംഘടനയാണ് ബിജെപി. അതിന്റെ തുടര്‍ച്ചയായാണ് കീഴാറ്റൂര്‍ വിഷയവും ബിജെപി ഏറ്റെടുത്തിരിക്കുന്നത്. പരിസ്ഥിതി ഒരിക്കലും രാഷ്ട്രീയ വിഷയമല്ല. കേരളത്തെ സംബന്ധിച്ച് കീഴാറ്റൂര്‍ ഒരു സൂചന മാത്രമാണ്. ഇത്തരത്തില്‍ കര്‍ഷകന്റെ കണ്ണീരു കണ്ടുകൊണ്ട് ഇനിയും ഇത്തരം വികസനം കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. 

ഇടത്-വലത് മുന്നണികള്‍ക്ക് പരിസ്ഥിതി രാഷ്ട്രീയ പ്രശ്‌നമാണ്. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് പരിസ്ഥിതി ജനങ്ങളുടെ ജീവല്‍ പ്രശ്‌നമാണ്. കര്‍ഷകര്‍ക്കു വേണ്ടി മഹാരാഷ്ട്രയിലേക്ക് ലോങ് മാര്‍ച്ച് നടത്തിയവരെ കീഴാറ്റൂരില്‍ കാണാനില്ല. പതിനാറ് ശതമാനം മാത്രം വയലുളള കേരളത്തിലെ വയല്‍ നികത്താനുളള നീക്കത്തെ അറുപത് ശതാമനത്തോളം വയലുളള മറ്റ് സംസ്ഥാനങ്ങളിലെ വയല്‍ നികത്തലുമായി ബന്ധപ്പെടുത്തുന്നത് അസംബന്ധമാണ്. വളപട്ടണം-കീച്ചേരി ഭാഗത്തെ ദേശീയ പാതയുടെ അലൈന്റ്‌മെന്റും പുനപരിശോധിക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായം. സിപിഎമ്മുകാരുടെ സ്ഥലം നഷ്ടപ്പെടുന്നതൊഴിവാക്കി രാഷ്ട്രീയ ഹൈവേയാണ് ഇവിടെ വരാന്‍ പോകുന്നത്. പരിസ്ഥിതിയെ മറന്നു കൊണ്ട് സ്വന്തക്കാര്‍ക്കു വേണ്ടി നിലകൊളളുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനം പൂര്‍ണ്ണമായും നടക്കണം എന്നാല്‍ കര്‍ഷകരുടെ നെഞ്ചിലൂടെ ആവരുത്. ബൂമിയേറ്റെടുക്കലിന്റെ ദുരിതം പേറുന്ന എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊളളിച്ചു കൊണ്ടുളള സമിതിയുണ്ടാക്കി ഇത്തരം വികസന കാര്യങ്ങളില്‍ പരിസ്ഥിതിക്കും കര്‍ഷകര്‍ക്കും കോട്ടംതട്ടാത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.