സിബിഎസ്ഇ ചോദ്യച്ചോർച്ച; മുഖ്യപ്രതി കസ്റ്റഡിയിൽ

Friday 30 March 2018 5:45 am IST
"undefined"

ന്യൂദല്‍ഹി: സിബിഎസ്ഇ പത്ത്, 12 ക്ലാസുകളിലെ ചില പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ ദല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തു.   വിദ്യാ കോച്ചിങ്ങ് സെന്റര്‍ ഉടമ വിക്കിയാണ് പിടിയിലായത്.  ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 

കൂടാതെ 25 വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണ്. 25 പേരെ ചോദ്യം ചെയ്തിട്ടുമുണ്ട്. ചോദ്യപ്പേപ്പര്‍ അച്ചടിച്ച പ്രസ്സുകാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ചോദ്യപേപ്പറുമായി ബന്ധപ്പെട്ട ക്രിമിനല്‍ പശ്ചാത്തലമുള്ളവരുള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. 

 വിക്കിയുടെ രോഹിണി, ദ്വാരക, രജീന്ദര്‍നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള കോച്ചിങ്ങ് സെന്ററുകളിലും സ്ഥാപനങ്ങളിലും  റെയ്ഡുകള്‍ നടത്തി രേഖകള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. പത്താം ക്ലാസ് കണക്ക്,  12ാം ക്ലാസിലെ എക്കണോമിക്‌സ് തുടങ്ങിയവയുടെ ചോദ്യങ്ങളാണ് ചോര്‍ന്നത്. ഇതേത്തുടര്‍ന്ന് ഇവയുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ചോര്‍ച്ച പുറത്തുവന്നതോടെ കേന്ദ്രം ശക്തമായ നടപടികളാണ് എടുത്തത്. രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഒരു ചോദ്യപ്പേപ്പറിന്റെ കോപ്പിക്ക് പതിനായിരം മുതല്‍ 15,000 രൂപ വരെയാണ് വിക്കി ഇടാക്കിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 96ല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സ്റ്റഡീസില്‍ ബിരുദമെടുത്ത ഇയാള്‍ എങ്ങനെയാണ് ചോദ്യം ചോര്‍ത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 

ദല്‍ഹി രജീന്ദര്‍നഗര്‍ സ്വദേശി ചോദ്യം ചോര്‍ത്തിയെന്നു കാണിച്ച്   മാര്‍ച്ച് 23ന് അജ്ഞാത ഫാക്‌സ് സന്ദേശം ലഭിച്ചതോടെയാണ്  സംശയം തോന്നിയതെന്ന്  സിബിഎസ്ഇ ദല്‍ഹി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ മാര്‍ച്ച് 26ന് കൈകൊണ്ട് ഉത്തരങ്ങള്‍ എഴുതിയ നാല് കടലാസുകള്‍, മേല്‍വിലാസമെഴുതാത്ത കവറില്‍ സിബിഎസ്ഇയ്ക്ക് ലഭിച്ചിരുന്നതായും ഇവ പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്‌സ്  പരീക്ഷയുടേതായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

കുട്ടികള്‍ ഇതേ വിഷയത്തില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന  സമയത്തായിരുന്നു മുഴുവന്‍ ഉത്തരങ്ങളും എഴുതിയ കടലാസുകള്‍ കവറില്‍ ലഭിച്ചത്. പരാതിയില്‍ രജീന്ദര്‍ നഗറിലെ രണ്ട് സ്‌കൂളുകളുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഉത്തരക്കടലാസുകള്‍ക്ക് ഒപ്പം  ചോദ്യം ചോര്‍ന്നെന്നും ഇവ വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ടെന്നും കാണിച്ചുള്ള കുറിപ്പും വച്ചിരുന്നു.  പരാതി പ്രകാരം രണ്ടു കേസുകളാണ് ദല്‍ഹി പോലീസ് എടുത്തിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്‌സ് ചോദ്യച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഒന്നും പത്താം ക്ലാസിലെ കണക്ക് ചോദ്യച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട്  മറ്റൊന്നും. കുറ്റകരമായ ഗൂഢാലോചന, വിശ്വാസ വഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തത്. രണ്ട് ഡപ്യൂട്ടി കമ്മീഷണര്‍മാര്‍, നാല് അസി. കമ്മീഷണര്‍മാര്‍, അഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

പുതിയ തീയതി തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും

റദ്ദാക്കിയ രണ്ടു  സിബിഎസ്ഇ പരീക്ഷകള്‍ നടത്തുന്ന തീയതികള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും. പത്താം ക്ലാസിലെ കണക്ക്, പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്‌സ് പരീക്ഷകളാണ് റദ്ദാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.