കർഷക പെൻഷൻ മുടങ്ങിയിട്ട് ഏഴുമാസം

Friday 30 March 2018 5:46 am IST

കോട്ടയം:  മഹാരാഷ്ടയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെ വാനോളം പുകഴ്ത്തിയവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് കര്‍ഷക പെന്‍ഷന്‍ മുടങ്ങിയിട്ട് ഏഴുമാസം. ജീവിത സായാഹ്നത്തില്‍ ലഭിക്കേണ്ട 1100 രൂപയുടെ  പെന്‍ഷനാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കൊടുക്കാത്തത്. ഇതിനെതിരെ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്  കര്‍ഷകര്‍. 

കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും വരള്‍ച്ച മൂലമുള്ള കൃഷിനാശവും കൂടിയായതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടെയാണ്  ആശ്വാസമായി ലഭിച്ചിരുന്ന പെന്‍ഷന്‍കൂടി മുടങ്ങിയത്.  സര്‍ക്കാര്‍  നല്‍കുന്ന സൂചന അനുസരിച്ച് വിഷുവിനും പെന്‍ഷന്‍ ലഭിക്കുന്ന കാര്യം സംശയത്തിലാണ്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ മുടക്കുമ്പോള്‍ തന്നെയാണ് എംഎല്‍എമാര്‍ക്ക് വിമാനയാത്രയും മറ്റ് ആനുകൂല്യങ്ങളും വാരിക്കോരി അനുവദിക്കുന്നത്. 

സര്‍ക്കാരിന്റെ നിഷേധാത്മാക നിലപാടില്‍ പ്രതിഷേധിക്കാന്‍ കളക്ടറേറ്റുകള്‍ക്കും  കൃഷിഭവനുകള്‍ക്കും മുന്‍പില്‍ സമരം നടത്താന്‍ അഗ്രികള്‍ച്ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തീരുമാനിച്ചു. 

  കഴിഞ്ഞ ഓണക്കാലത്ത് മറ്റ് പെന്‍ഷനുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ അമിത താല്‍പര്യമാണ് കാണിച്ചത്. എന്നാല്‍ കര്‍ഷക പെന്‍ഷനോട് മാത്രം അതുണ്ടായില്ല. കഴിഞ്ഞ മാസം 27ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയെങ്കിലും ഫലമുണ്ടയായില്ല. കര്‍ഷക പെന്‍ഷന്‍ പതിനായിരം രൂപയാക്കുക, കെ. കൃഷ്ണന്‍കുട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, പത്തേക്കറില്‍ താഴെ ഭൂമിയുള്ളവരെ ഇടത്തരം കര്‍ഷക പരിധിയില്‍ കൊണ്ടുവരിക, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെ മറ്റാവശ്യങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.