യാത്രയയപ്പു ദിവസം പ്രിൻസിപ്പാളിന് അന്ത്യാഞ്ജലി; എസ്എഫ്ഐയുടെ ക്രൂരത

Friday 30 March 2018 5:50 am IST
"undefined"

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പാള്‍  പി.വി.പുഷ്പജക്ക്  എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ പ്രാകൃതമായ യാത്രയയപ്പ്. പ്രിന്‍സിപ്പാളിന്റെ  യാത്രയയപ്പ് ദിവസം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് വെച്ചും പടക്കം പൊട്ടിച്ചും പ്രതീകാത്മക മരണം സൃഷ്ടിച്ചാണ് എസ്എഫ്‌ഐ  ആഘോഷിച്ചത്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ്. വിരമിക്കുന്നതിന് മുന്നോടിയായാണ് പി.വി.പുഷ്പജയ്ക്ക് കോളജില്‍ യാത്രയയപ്പ് പരിപാടി ഒരുക്കിയത്.

കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയംഗം അനീസിന് മതിയായ ഹാജര്‍ നല്‍കിയില്ലെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍  പുഷ്പജയെ ഘെരാവോ ചെയ്തിരുന്നു. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന്റെ മുറി വളയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ക്ലാസില്‍ ഹാജരാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്‍കാന്‍ കഴിയില്ലെന്ന  നിലപാടാണ് എസ്എഫ്‌ഐയെ ചൊടിപ്പിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഇതൊരു കീഴ്‌വഴക്കമാക്കിയാല്‍ ക്ലാസില്‍ സ്ഥിരമായി വരുന്ന വിദ്യാര്‍ത്ഥികളെ  ബാധിക്കുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. 

ഇതില്‍ പ്രകോപിതരായാണ് എസ്എഫ്‌ഐ പാലക്കാട് വിക്ടോറിയാ കോളേജില്‍ നടന്ന പ്രതിഷേധത്തിന് സമാനമായി പ്രാകൃതരീതിയില്‍ ഇവിടെയും പ്രതിഷേധിച്ചത്. പാലക്കാട്ട് പ്രിന്‍സിപ്പാളായിരുന്ന  പ്രൊഫ.ടി.എന്‍.സരസുവിന്റെ യാത്രയയപ്പ് ചടങ്ങ് ദിവസം പാലക്കാട് വിക്ടോറിയാ കോളേജില്‍ എസ്എഫ്‌ഐ ശവകുടീരം നിര്‍മ്മിച്ച് നടത്തിയ പ്രതിഷേധം ചര്‍ച്ചയായിരുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര വലിച്ചു പുറത്തിട്ട് കത്തിച്ചതും വലിയ വിവാദമായിരുന്നു. അച്ചടക്കത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്ത ചില വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് പുഷ്പജ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.