വേനലവധിയിലും അവധിയില്ലാതെ അധ്യാപകര്‍

Thursday 29 March 2018 11:03 pm IST

 

തളിപ്പറമ്പ്: കേരള സംസ്ഥാനത്ത് മധ്യവേനലവധി അനുവദിക്കുന്ന സേവന മേഖലയാണ് വിദ്യാലയങ്ങള്‍. എന്നാല്‍ അധ്യാപകര്‍ക്ക് ഈ ആനുകൂല്യം തത്വത്തില്‍ നിഷേധിക്കുന്ന നടപടികളാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഉണ്ടാകുന്നത്. മാര്‍ച്ച് മാസം വാര്‍ഷിക പരീക്ഷ കഴിഞ്ഞാല്‍ പേപ്പറുകള്‍ മൂല്യനിര്‍ണ്ണയം നടത്തി ഏപ്രില്‍ 20ന് ഉപജില്ല ജില്ല വിദ്യാഭ്യാസ ഓഫീസില്‍ ക്ലാസ്സ് കയറ്റ ലിസ്റ്റ് സമര്‍പ്പിക്കണം. ഏപ്രില്‍-മെയ് മാസങ്ങളിലായി അവധിക്കാല പരിശീലനം നടക്കുമ്പോള്‍ അതിന് നിര്‍ബന്ധമായും പങ്കെടുക്കണം. ഇല്ലെങ്കില്‍ പിന്നീട് വിശദീകരണം നല്‍കേണ്ട സ്ഥിതിയാണ്.

സ്‌ക്കൂളില്‍ ഡിവിഷന്‍ നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ വിദ്യാലയങ്ങിലെ അദ്ധ്യാപകര്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ കൊടും ചൂടിനെ അവഗണിച്ച് വീടുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തത്വത്തില്‍ സ്‌ക്കൂള്‍ അദ്ധ്യാപകര്‍ക്ക് വേനല്‍ അവധി എന്നൊന്ന് ഇല്ലാതായി. അതിനിടയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ മാര്‍ച്ച് 28ലെ പി എല്‍ 1/77458/16/ഡിപിഐ നമ്പര്‍ കത്ത് വിദ്യാലയങ്ങളില്‍ എത്തിയിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനായി ആസൂത്രണം ചെയ്തിരിക്കുന്ന മികവുത്സവം, ഗൃഹസന്ദര്‍ശനം, രക്ഷാകര്‍തൃ ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികള്‍ വിജയിപ്പിക്കണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, എസ്എസ്ജി, എസ്എംസി,പിടിഎ പ്രതിനിധികള്‍, സ്‌ക്കൂളിന്റെ അഭ്യുദയകാംക്ഷികള്‍ എന്നിവരെ ഉള്‍പ്പെടുത്തിവേണം പരിപാടി നടത്താന്‍. പരിപാടിയുടെ വിജയത്തിനായുള്ള നിര്‍ദ്ദേശം നല്‍കാന്‍ ഉപജില്ലാ ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരോട് കത്തിലൂടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മികവുത്സവം, അദ്ധ്യാപക പരിശീലനം, പരീക്ഷാ പേപ്പര്‍ മൂല്യ നിര്‍ണ്ണയം, പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കല്‍, സ്‌ക്കൂളുകളിലേക്ക് കുട്ടികളെ കണ്ടെത്തല്‍, പാഠപുസ്തക വിതരണം എന്നിങ്ങനെ ചെയ്താല്‍ തീരാത്തത്ര പ്രവര്‍ത്തനങ്ങളാണ് വേനലവധിക്കാലത്ത് അദ്ധ്യാപകരുടെ തലയില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. അദ്ധ്യാപക സമൂഹത്തിനു മാത്രം രണ്ട് മാസം അവധി ആനുകൂല്യം നല്‍കിയതിനു പിന്നിലുള്ള കാര്യങ്ങള്‍ പാടെ അവഗണിച്ചുകൊണ്ട് അദ്ധ്യാപകരെ പീഡിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ധ്യാപകര്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.