കല്യാൺ ജ്വല്ലേഴ്സിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജവാർത്ത: അഞ്ചു പേർക്കെതിരെ ദുബായിയിൽ നടപടി

Friday 30 March 2018 8:02 pm IST
"undefined"

 

ദുബായ്: കല്യാണ്‍ ജ്വല്ലേഴ്‌സിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാര്‍ക്കെതിരേ ക്രിമിനല്‍ നടപടി.  ദുബായ് പബ്ലിക്  പ്രോസിക്യൂഷന്‍ നിർദ്ദേശ പ്രകാരം ദുബായ് പോലീസിന് നടപടി തുടങ്ങി.

കല്യാണ്‍ ജ്വല്ലേഴ്‌സ് വിറ്റ സ്വര്‍ണ്ണാഭരണം  വ്യാജമാണെന്നായിരുന്നു പ്രചാരണം.  കല്യാണ്‍ ജ്വല്ലേഴ്‌സ് നല്‍കിയ പരാതിയിൽ  ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ വിവരങ്ങളാണ്  പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയത്

പോലീസ് അന്വേഷണത്തില്‍ പരാതിയിൽ പേരുള്ള ഒരാള്‍ കുറ്റം സമ്മതിച്ചു. നാല് പേര്‍ക്കെതിരേയുള്ള അന്വേഷണം തുടരുന്നു. യു.എ.ഇ യിലെ കല്യാണ്‍ ജ്യല്ലേഴ്‌സ് ഷോറൂമുകള്‍ സീല്‍ ചെയ്‌തെന്നും ഉടമയെ അറസ്റ്റ് ചെയ്‌തെന്നും പ്രചരിപ്പിച്ചിരുന്നു. 

വ്യാജ വീഡിയോയും വ്യാജ വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് എല്‍.എല്‍.സി ദുബായ് പോലീസില്‍ പരാതി നല്‍കിയത്. സൈബര്‍ ക്രൈം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ദുബായ് പോലീസ് വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. 

സാമൂഹ്യ മാധ്യമങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ ദുബായ് പോലീസ് സ്വീകരിക്കുന്ന നടപടി ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും എംഡിയുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. 

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപഖ്യാതി പ്രചാരണം നിസാരമായി തള്ളിക്കളയാനാവില്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ അന്വേഷണം തെളിവാണ്. വര്‍ഷങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും കെട്ടിപ്പടുത്തതാണ് കല്യാണ്‍ ജ്യല്ലേഴ്സ് ബ്രാന്‍ഡ്. കല്യാണിന്റെ സല്‍പ്പേര് തകര്‍ക്കാനാണ് ചിലരുടെ ശ്രമം.

സൈബര്‍ കുറ്റകൃത്യം തടയുന്നതിന് യു.എ.ഇയിലെ നിയമസംവിധാനവും ദുബായ് പോലീസും കര്‍ശന നടപടിയാണ് സ്വീകരിച്ച് വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സത്യം തെളിയിക്കാന്‍ ഇത് ഏറെ സഹായകരമാണെന്നും കല്യാണരാമന്‍ പറഞ്ഞു.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തിരുവനന്തപുരം ഷോറൂമിനെ കുറിച്ച് നടന്നു വരുന്ന അപവാദപ്രചാരണത്തിനും വ്യാജവാര്‍ത്തകള്‍ക്കുമെതിരേയും ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും കല്യാൺ പത്രക്കുറിപ്പിൽ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.