നന്ദി, കാക്കിക്കുള്ളിലെ അജ്ഞാതന്

Saturday 31 March 2018 4:46 pm IST
കളമശ്ശേരി റെയില്‍വേ സ്റ്റെഷനിലൂടെ കടന്നുപോയ പാസഞ്ചര്‍ ട്രെയിനിലെ ഒരു യാത്രക്കാരന്‍, കനത്ത ഇരുട്ടില്‍ റെയില്‍വേ ട്രാക്കിനരികിലൂടെ കരഞ്ഞുകൊണ്ട് നടന്നു പോകുന്ന രണ്ടുവയസ്സുകാരനെ കാണുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. പേടിച്ചു തളര്‍ന്ന് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഇരുട്ടിലൂടെ നടന്നുനീങ്ങുന്ന കുട്ടിയെക്കുറിച്ചുള്ള വിവരം കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ആ 'അജ്ഞാതന്‍' വിളിച്ചറിയിക്കുകയായിരുന്നു
"undefined"

ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാരെ കുറിച്ചുള്ള വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത് പെരുമാറ്റത്തിലെ അപമര്യാദകള്‍, കേസ് എടുക്കാതിരിക്കല്‍, കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങി നിരവധി പരാതികളാണ് കമ്മിഷന് മുന്‍പാകെ എത്തുന്നത്. അങ്ങനെ പോലീസിനെ കുറിച്ച് പരാതികള്‍ പ്രവഹിക്കുമ്പോള്‍  പുതിയൊരു സംഭവമാണ്  എറണാകുളം കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. 

കളമശ്ശേരി റെയില്‍വേ സ്റ്റെഷനിലൂടെ കടന്നുപോയ പാസഞ്ചര്‍ ട്രെയിനിലെ ഒരു യാത്രക്കാരന്‍, കനത്ത ഇരുട്ടില്‍ റെയില്‍വേ ട്രാക്കിനരികിലൂടെ കരഞ്ഞുകൊണ്ട് നടന്നു പോകുന്ന രണ്ടുവയസ്സുകാരനെ കാണുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. പേടിച്ചു തളര്‍ന്ന് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഇരുട്ടിലൂടെ നടന്നുനീങ്ങുന്ന കുട്ടിയെക്കുറിച്ചുള്ള വിവരം കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ആ 'അജ്ഞാതന്‍' വിളിച്ചറിയിക്കുകയായിരുന്നു.

ഫോണ്‍ കോള്‍ കിട്ടിയ ഉടനെ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ പ്രസന്നന്‍, സി.പി.ഒമാരായ സി. കെ. അനില്‍, നിയാസ് മീരാന്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. റെയില്‍വേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അവര്‍ കണ്ടെത്തി. കുട്ടി തീര്‍ത്തും അവശനായിരുന്നു.

കുട്ടിയേയും വാരിയെടുത്ത് അരകിലോമീറ്ററോളം നടന്നപ്പോഴേക്കും കുഞ്ഞിനെ അന്വേഷിച്ച് കണ്ടെത്താതെ പരിഭ്രാന്തയായ അമ്മയേയും കൂട്ടരേയുമാണ് പൊലീസ് കാണുന്നത്. ഉടന്‍തന്നെ കുഞ്ഞിനെ പൊലീസ് വാഹനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ട്രാക്കില്‍ തെന്നി വീണുണ്ടായ ചെറിയ മുറിവുകള്‍ മാത്രമേ കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

സ്റ്റേഷനിലേക്ക് വന്ന ഫോണ്‍കോള്‍ ലഭിച്ച് രണ്ടു മിനിറ്റ് സമയംകൊണ്ട് കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ ആ കാക്കിധാരികള്‍ ഓടിയെത്തി രക്ഷപ്പെടുത്തിയത് ഒത്തിരി വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനക്കും ചികിത്സയ്ക്കുമൊടുവില്‍ ലഭിച്ച ഒരമ്മയുടെ രണ്ടു വയസുകാരന്റെ ജീവനാണ്.

സംഭവത്തിന്റെ ട്വിസ്റ്റ് അവിടെയും തീരുന്നില്ല. കുറ്റാക്കൂരിരുട്ടില്‍ റെയില്‍വേ ട്രാക്കിലൂടെ അവശനായി നടന്നുപോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള വിവരം പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ച ആ 'അഞ്ജാതന്‍' ആരാണെന്ന് ഒരന്വേഷണം നടത്താന്‍ പോലീസ് തയ്യാറായി. സ്റ്റേഷനിലെ ഫോണിന്റെ കോളര്‍ ഐഡിയില്‍ പതിഞ്ഞ ആ നമ്പറിലേക്ക് പോലീസ് തിരിച്ചുവിളിച്ചു. പലതവണ വിളിച്ചതിനുശേഷമാണ് കോള്‍ കണക്ടായത്.

ഒറ്റപ്പെട്ട് കൂരിരിട്ടിലൂടെ ഒരു കുഞ്ഞ് ജീവന്‍ അലയുന്ന സംഭവം പോലീസിനെ അറിയിച്ചതും ഒരു പോലീസുകാരനാണ്. കെ.എ.പി- 5 ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ അനീഷ് മോനാണ് ആ ദൈവദൂതന്‍. അരീക്കോട് കരുവാരക്കാട് സ്റ്റേഷനില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഈ സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് അനീഷ് പറഞ്ഞൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.