ആദായകരമായി പാവൽകൃഷി ചെയ്യാം

Sunday 1 April 2018 2:55 am IST
"undefined"

അല്‍പ്പം കയ്പ്പുണ്ടെങ്കിലും പോഷകമൂല്യത്തിന്റെയും ഔഷധഗുണത്തിന്റെയും കാര്യത്തില്‍ ഒന്നാമതാണ്. പ്രമേഹത്തിന് മുതല്‍ ആസ്മ, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക് വരെ പ്രതിവിധിയായി പാവല്‍ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കു പുറമെ കാത്സ്യം, ഇരുമ്പ്, വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ കലവറ കൂടിയാണ് ഈ പച്ചക്കറി. ഏതു കാലാവസ്ഥയിലും വിളയിച്ചെടുക്കാവുന്ന ഏകദേശം അഞ്ചു മീറ്റര്‍ വരെ നീളത്തില്‍ വളരുന്ന വള്ളിച്ചെടിയാണ് പാവല്‍ അല്ലെങ്കില്‍ കയ്പ. 

നിലം ഒരുക്കലും കൃഷി രീതിയും

നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണാണ് പാവല്‍ കൃഷിക്ക് അനുയോജ്യം. ഒരു സെന്റ് കൃഷി സ്ഥലത്ത് പാവല്‍ കൃഷി ചെയ്യുന്നതിന് 20 25 ഗ്രാം വിത്ത് വേണ്ടിവരും. രണ്ടു മീറ്റര്‍ അകലം വരത്തക്കവണ്ണം വേണം ചെടികള്‍ക്കിടയിലുള്ള വരി നിര്‍മ്മിക്കാന്‍. ചെടി നടാനായി 50 സെ.മീ വ്യാസവും 50 സെ.മീ ആഴവും ഉള്ള കുഴികളാണ് നിര്‍മ്മിക്കേണ്ടത്. അടിവളമായി കാലിവളമോ കമ്പോസ്‌റ്റോ മേല്‍മണ്ണുമായി നന്നായി യോജിപ്പിച്ചു വേണം കുഴിയുടെ മുക്കാല്‍ഭാഗവും നിറക്കാന്‍. മഴക്കാലമാണെങ്കില്‍ കുഴികള്‍ക്ക് പകരം കൂനകള്‍ ഉണ്ടാക്കി അവയില്‍ വിത്തുകള്‍ നടാം. നടുന്നതിന് മുമ്പ് വിത്തുകള്‍ ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഈര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞ് മുളപ്പിച്ച് നടുന്നതാണ് ഉത്തമം.

മുളച്ചു കഴിഞ്ഞാല്‍ ഓരോ കുഴിയിലും ഒന്ന് രണ്ടു ചെടികള്‍ മാത്രം നിര്‍ത്തി ശേഷിച്ചവ പറിച്ചു മാറ്റണം. ചെടി വള്ളിയിട്ട് പടരാന്‍ തുടങ്ങുമ്പോള്‍ പന്തല്‍ ഇട്ടുകൊടുക്കാം. ഏപ്രില്‍, മെയ്, ആഗസ്റ്റ്, സെപ്തംബര്‍ മാസത്തില്‍ നടുന്ന ചെടികളാണ് കൂടുതല്‍ വിളവ് തരുന്നത്. ഈ സമയത്ത് നടത്തുന്ന പാവല്‍കൃഷിയില്‍ കീടരോഗശല്യം വളരെ കുറവായിരിക്കും. നല്ല വെയിലും നിത്യവുമുള്ള പരിചരണവും പാവലിന്റെ കീടനിയന്ത്രണത്തിന് ഏറെ സഹിയിക്കും്കായീച്ച, പച്ചത്തുള്ളന്‍, ചിത്രകീടം എന്നി കീടങ്ങളാണ് പ്രധാനമായും പാവല്‍ ചെടിയെ ആക്രമിക്കാറുള്ളത്. കായ്കള്‍ ഉണ്ടാകുന്ന സമയത്ത് അവ പേപ്പര്‍ കൊണ്ട് പൊതിഞ്ഞു വെച്ചാല്‍ കായീച്ചയുടെ പുഴുക്കള്‍ കായ തുറന്നു നശിപ്പിക്കുന്നത് തടയാനാകും.

മരുതോങ്കരയിലെ ജൈവകൃഷി

കോഴിക്കോട് മരുതോങ്കരയിലെ ജൈവ കൃഷി ഇന്ന് കേരളം ചര്‍ച്ച ചെയ്യുകയാണ്. കൃഷിയില്‍ നിന്നും വരുമാനം ഉണ്ടാക്കുന്നതിന് പകരം ജൈവ കൃഷിയുടെ പാഠങ്ങള്‍ വരും തലമുറയ്ക്ക് കൂടി പകര്‍ന്ന് കൊടുക്കുകയാണ് മരുതോങ്കര ക്ലസ്റ്ററിലെ കര്‍ഷകര്‍. വിവിധ മേഖലകളില്‍ തൊഴില്‍ചെയ്യുന്ന പത്ത് പേരും അവരുടെ ഭാര്യമാരും അടങ്ങുന്ന 20 അംഗ സംഘമാണ് മരുതോങ്കരയില്‍ ക്ലസ്റ്റര്‍ രൂപീകരിച്ച് കൃഷി ആരംഭിച്ചത്. ഏഴേക്കര്‍ പാടത്ത് പച്ചക്കറിയിനങ്ങളായ പാവല്‍, വെള്ളരി, പടവലം, പീച്ചിങ്ങ, പച്ചമുളക്, കോളിഫ്‌ളവര്‍, വെണ്ട, തണ്ണിമത്തന്‍, ചീര, ചേന, ചേമ്പ്, വാഴ തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ശിശുരോഗ വിദഗ്ധനായ ഡോ. സജിത്ത്, കെഎസ്ആര്‍ടിസി ജീവനക്കാരായ ഉണ്ണികൃഷ്ണന്‍, പ്രകാശന്‍, കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.വി.അംബുജാഷം എന്നിവരും ക്ലസ്റ്ററിലെ അംഗങ്ങളാണ്. ജോലിത്തിരക്ക് ഉണ്ടെങ്കിലും എല്ലാ ദിവസവും പാടത്ത് എത്തി വിളകള്‍ പരിചരിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

നിലം തയ്യാറാക്കുന്നത് മുതല്‍ വിളവെടുപ്പ് വരെയുള്ള ഓരോ ഘട്ടങ്ങള്‍ക്കുവേണ്ട പരിചരണവും നല്‍കുന്നത് ഇവര്‍ തന്നെയാണ്. പൂര്‍ണ്ണമായും ജൈവ കൃഷിയായതിനാല്‍ പച്ചക്കറിക്ക് ആവശ്യക്കാന്‍ നിരവധിയാണ്. വിളവെടുക്കുന്നതിന് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരും ധാരാളമാണ്. വേന്‍ കടുത്ത സാഹചര്യത്തില്‍ കര്‍ഷകരെല്ലാം പച്ചക്കറി പരിചരണത്തിനായി പാടത്തു തന്നെയുണ്ട്. കൃഷിയില്‍ നിന്ന് മികച്ച വരുമാനം നേടാമെന്നതിനൊപ്പം ആനന്ദം കണ്ടെത്താമെന്നു തെളിയിച്ചിരിക്കുകയാണ് മരുതോങ്കരയിലെ കര്‍ഷക കൂട്ടായ്മ. 2014ല്‍ കോഴിക്കോട് ജില്ലയിലെ ക്ലസ്റ്ററായി തെരഞ്ഞെടുത്ത കര്‍ഷകൂട്ടായ്മ 2016-17ല്‍  ജില്ലയിലെ ഏറ്റവും മികച്ച ക്ലസ്റ്ററായി മാറി. ജൈവകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാടത്ത് വന്ന് കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാനും  അവസരമുണ്ട്. 

(എ.ടി. ജോസ്: 9747381008)

കുട്ടികള്‍ക്കായി കൃഷി ക്ലാസ്

വിവിധ തൊഴില്‍ മേഖലകള്‍ തേടിപ്പോകുന്ന കുട്ടികളുടെ മനസിലേക്ക് കൃഷിപാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് മരുതോങ്കര ക്ലസ്റ്ററിലെ കര്‍ഷകര്‍. കാര്‍ഷിക മേഖല നില നിന്നാല്‍ മാത്രമേ ലോകത്തിന് നിലനില്‍പ്പുള്ളു എന്ന തിരിച്ചറിവിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൃഷി രീതികള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചത്. 

ക്ലസ്റ്റര്‍ അംഗമായ ഡോ. സജിത്തിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് കൃഷിപാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നത്. കൃഷി യന്ത്രങ്ങളായ ട്രില്ലര്‍, ട്രാക്ടര്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കുന്ന രീതിയും കുട്ടികളെ പഠിപ്പിക്കുന്നു. നിരവധി വിദ്യാര്‍ത്ഥികളാണ് കൃഷി പഠിക്കാന്‍ മരുതോങ്കരയിലെ പാടത്ത് എത്തുന്നത്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.