പശ്ചിമ ബംഗാള്‍ സംഘര്‍ഷം: ഗവര്‍ണര്‍ സന്ദര്‍ശിച്ചു

Sunday 1 April 2018 2:58 am IST
"undefined"

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന അസന്‍സോളില്‍ ഗവര്‍ണര്‍ കേശാരിനാഥ് ത്രിപാഠി ശനിയാഴ്ച സന്ദര്‍ശനം നടത്തി. സംഘര്‍ഷമുണ്ടായ രണിഗഞ്ച്, അസന്‍സോള്‍ എന്നിവടങ്ങളിലെ സ്ഥിതിവിശേഷങ്ങള്‍ വിലയിരുത്താനെത്തിയ അദ്ദേഹം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും, ഭരണാധികാരികളുമായും ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച നാലംഗ സംഘം ഞായറാഴ്ച അസന്‍സോളില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്ത് ഉടലെടുത്ത അനിഷ്ടസംഭവങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രവും ആവശ്യപ്പെട്ടിട്ടുണ്ട്. 

 തിങ്കളാഴ്ച രണിഗഞ്ചില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പോലീസുകാര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിലായുണ്ടായ അക്രമസംഭവങ്ങളില്‍ ഇതിനോടകം 5 പേര്‍  കൊല്ലപ്പെട്ടു.

വെസ്റ്റ് ബുര്‍ദ്വാനില്‍ മൂന്നും, പുരുളിയ, കന്‍കിനാരാ എന്നിവിടങ്ങളില്‍ ഓരോ ആളുകള്‍ വീതവുമാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസമായി  അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വെള്ളിയാഴ്ച അസന്‍സോളിനടുത്ത് നിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന് അക്രമ സംഭവങ്ങളുമായി ബന്ധമില്ലെന്നും പോലീസ് അറിയിച്ചു. സംഘര്‍ഷങ്ങള്‍ക്ക്  തുടക്കം കുറിച്ച 70 പേരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പ്രശ്‌നബാധിത മേഖലകളില്‍ ഏപ്രില്‍ നാല് വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കില്ലെന്ന് സബ് ഡിവിഷണല്‍ ഓഫാസര്‍ പി. റോയ്ചൗധരി അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.