ചൈനീസ് അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ച് ഇന്ത്യ

Sunday 1 April 2018 3:05 am IST
"undefined"

ന്യൂദല്‍ഹി: ദോക്‌ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നു. ചൈനയുടെ അധീനതയില്‍ കഴിയുന്ന തിബറ്റന്‍ മേഖലയിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇന്ത്യന്‍ സൈന്യം കൂടുതല്‍ പോസ്റ്റുകള്‍ സജ്ജീകരിക്കുന്നത്. അതിര്‍ത്തി മേഖലയിലെ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും കരസേന ഒരുക്കുന്നുണ്ട്. 

ദിബാങ്, ദൗ ദലായ്, ലോഹിത് വാലി എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ സൈന്യം സാന്നിധ്യം ശക്തിപ്പെടുത്തുന്നത്. മഞ്ഞുമൂടിയ മലനിരകളില്‍ 17,000 അടി ഉയരത്തില്‍ വരെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. ദോക്‌ലാം പ്രശ്‌നത്തിന് ശേഷം തിബറ്റന്‍ മേഖലകളില്‍ സൈനിക സാന്നിധ്യം ഉയര്‍ത്തിയതായി തിബറ്റന്‍ അതിര്‍ത്തിയിലെ കിബിതുവില്‍ നിയോഗിക്കപ്പെട്ട യൂണിറ്റിലെ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

നിയന്ത്രണ രേഖയ്ക്ക് സമീപം ലോങ് റേഞ്ച് പട്രോളിംഗ് ശക്തിപ്പെടുത്തി. പതിനഞ്ചു മുതല്‍ മുപ്പതു ദിവസം വരെ നീണ്ടുനില്‍ക്കുന്ന പട്രോളിംഗ് മേഖലയില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നദികളിലും പാലങ്ങളിലും മറ്റു തന്ത്രപ്രധാന മേഖലകളിലും സൈനികരുടെ എണ്ണം കൂട്ടി. താല്‍ക്കാലിക പാലങ്ങളുടെ നിര്‍മ്മാണവും സൈന്യം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയുമായുള്ള നാലായിരം കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശത്ത് റോഡ്-റെയില്‍ കണക്ടിവിറ്റി ശക്തിപ്പെടുത്താനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ഇന്ത്യയും സൈനിക സാന്നിധ്യം ഉയര്‍ത്തുന്നത്. കഴിഞ്ഞ ജൂണില്‍ ദോക്‌ലാമില്‍ ഇരു രാജ്യങ്ങളും രണ്ടര മാസത്തോളം പരസ്പരം അഭിമുഖമായി നിലയുറപ്പിച്ചത് വലിയ സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.