വാഹനപരിശോധനയ്ക്കിടെ അപകട മരണം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കുമെന്ന് ക്രൈംബ്രാഞ്ച്

Sunday 1 April 2018 1:40 am IST


മുഹമ്മ: കഞ്ഞിക്കുഴിയില്‍ വാഹന പരിശോധനക്കിടെ രണ്ടു പേര്‍ മരിച്ച അപകടത്തില്‍പ്പെട്ട് പരിക്കേറ്റയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത സംഭവത്തില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറി.ചേര്‍ത്തല ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല.
 ഫയലുകള്‍ പരിശോധിച്ചുവരുകയാണെന്നും പരിക്കേറ്റ ഷേബുവിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും നേരില്‍ കണ്ട് വിവരങ്ങള്‍ അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി വിജയകുമാരന്‍ നായര്‍ പറഞ്ഞു. മാരാരിക്കുളം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഷേബുവിനെ പ്രതിയാക്കി കേസെടുത്തത്തില്‍ പ്രതിഷേധം വ്യാപകമായതോടെ ആദ്യം ചേര്‍ത്തല ഡിവൈഎസ്പി എ.ജി.ലാലിനും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനും കൈമാറുകയായിരുന്നു.
   ദേശീയപാതയില്‍ കഞ്ഞിക്കുഴി ജങ്ഷന് വടക്ക് കഴിഞ്ഞ 11ന് പുലര്‍ച്ചെയായിരുന്നു സംഭവം.കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന ഷേബുവും ഭാര്യയും മക്കളും സഞ്ചരിച്ച ബൈക്ക് പോാലീസ് കൈ കാണിച്ചിട്ട് നിര്‍ത്തിയില്ലെന്ന് ആരോപിച്ച് പിന്തുടരുകയായിരുന്നു.ബൈക്കിന് കുറുകെ ജീപ്പ് നിര്‍ത്തിയതോടെ വെട്ടിച്ച ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയും പാതിരപ്പള്ളി സ്വദേശിയായ ബൈക്ക് ഓടിച്ച ബിച്ചു മരിക്കുകയും ചെയ്തിരുന്നു.
 അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഷേബുവിന്റെ ഭാര്യ സുമിയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. എന്നാല്‍ ബിച്ചുവിന്റെ സഹോദരന്റെ മൊഴിയുടെ പേരിലാണ് ഷേബുവിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.