തിരിച്ചടിക്കാനുറച്ച് റഷ്യ; 60 അമേരിക്കന്‍ ഉദ്യോഗസ്ഥരെ പുറത്താക്കും; യുഎസ് കോണ്‍സുലേറ്റ് പൂട്ടും

Sunday 1 April 2018 3:17 am IST
"undefined"

മോസ്‌കോ: അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളുടെ നീക്കത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ റഷ്യ തീരുമാനിച്ചതോടെ നയതന്ത്ര രംഗത്ത് സംഘര്‍ഷം രൂക്ഷമായി. അമേരിക്കയുടെ അറുപതു നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്നും സെന്റ് പീറ്റേഴ്‌സ് ബെര്‍ഗിലെ യുഎസ് കോണ്‍സുലേറ്റ് അടച്ചു പൂട്ടുമെന്നും റഷ്യ അറിയിച്ചു.

ബ്രിട്ടനില്‍ അഭയം തേടിയ മുന്‍ ചാരനെ രാസവാതകം ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ നിന്നു തുടങ്ങിയ സംഘര്‍ഷമാണ് അങ്ങേയറ്റം സങ്കീര്‍ണമായ തലത്തിലേക്ക് നീങ്ങുന്നത്. ശക്തമായ നടപടി വേണം എന്ന ബ്രിട്ടന്റെ ആവശ്യം റഷ്യ നിരസിക്കുകയായിരുന്നു. ഇതോടെ നാറ്റോ സഖ്യകക്ഷികള്‍ റഷ്യക്കെതിരെ കടുത്ത നീക്കങ്ങളുമായി രംഗത്തു വന്നു. ഒറ്റ ദിവസം നൂറോളം റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അവര്‍ പുറത്താക്കി. ഇതില്‍ അറുപതു പേരെ പുറത്താക്കിയത് അമേരിക്ക. ഇതിന് അതേ ശൈലിയില്‍ തിരിച്ചടി നല്‍കുമെന്നാണ് ഇപ്പോള്‍ റഷ്യ സൂചന നല്‍കുന്നത്. റഷ്യയുടെ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതിമാരെ വിളിച്ചു വരുത്തി, പുറത്താക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം അറിയിച്ചു. 

ഇരുപത്തിമൂന്നു റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി ബ്രിട്ടനാണ് പുറത്താക്കല്‍ നടപടി ആരംഭിച്ചത്. അത്രതന്നെ ഉദ്യോഗസ്ഥരെ പുറത്താക്കി തൊട്ടു പിറ്റേന്നു തന്നെ റഷ്യ നയം വ്യക്തമാക്കിയതാണ്. അതിനു ശേഷമായിരുന്നു അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടെ നീക്കം. ലണ്ടനില്‍ എത്ര റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ടോ എത്രതന്നെ ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ മതി മോസ്‌കോയിലും എന്നാണ് റഷ്യയുടെ നിലപാട്. ഇതോടെ 50ലേറെ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥര്‍ റഷ്യയില്‍ നിന്ന് പുറത്താവുമെന്ന് ഉറപ്പായി.

തിരിച്ചടിക്കാനുറച്ച് മുന്നോട്ടു പോകുന്നുണ്ടെങ്കിലും ചാരനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഉത്തരവാദിത്തമില്ല എന്ന് ലോകരാജ്യങ്ങളെ അറിയിക്കാനുള്ള നടപടിയും റഷ്യ ആരംഭിച്ചു. ഇതിനിടെ, രാസായുധങ്ങളുടെ നിരോധനം സംബന്ധിച്ച് അന്താരാഷ്ട്ര സംഘടന (ഒപിസിഡബ്ല്യൂ)യില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.