ശബരിമലയില്‍ ആനയിടഞ്ഞോടി തിടമ്പ് വീണ സംഭവം; ദേവസ്വത്തിന്റേത് നിരുത്തരവാദ സമീപനമെന്ന് ആക്ഷേപം

Sunday 1 April 2018 3:55 am IST

പത്തനംതിട്ട: ശബരിമല ആറാട്ടെഴുന്നെള്ളിപ്പിനിടയില്‍ ആന വിരണ്ട് ഓടി തിടമ്പും, ശാന്തിക്കാരനും താഴെ വീഴാനിടയായതിനുപിന്നില്‍ ദേവസ്വം ബോര്‍ഡിന്റെ നിരുത്തരവാദപരമായ സമീപനമെന്ന് ഭക്തര്‍. പന്മന ശരവണന്‍ എന്ന ആനയാണ് ആറാട്ടെഴുന്നെള്ളത്ത് ശബരീപീഠം പിന്നിട്ട് അപ്പാച്ചിമേട്ടിലേക്ക് എത്തുന്നതിനിടെ ഇടഞ്ഞ് ഓടിയതും തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതും. കുത്തിറക്കത്തില്‍ ആനയുടെ കാല് തെന്നി പരിഭ്രാന്തനായി ഓടുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

അതേസമയം ചെറിയശബ്ദം പോലും ആനയെ പരിഭ്രാന്തനാക്കുമെന്നും മുന്‍കാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഭക്തര്‍ പറയുന്നു. ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുകയും കുറുമ്പുകാട്ടുകയും ചെയ്യുന്ന ആനയെ ശബരിമല പോലെയുള്ള സ്ഥലത്ത് എഴുന്നെള്ളത്തിന് നിയോഗിച്ച ദേവസ്വം ബോര്‍ഡിന്റെ നടപടിയെ ഭക്തര്‍ ചോദ്യംചെയ്യുന്നു. ശബരിമല കൊടിയേറ്റിന് തലേദിവസം സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ ചരല്‍മേട്ടില്‍ വച്ച് കാട്ടുപന്നി ശബ്ദം ഉണ്ടാക്കിയപ്പോള്‍ ശരവണന്‍ ഇടഞ്ഞിരുന്നു. എന്നിട്ടും ആനയെ ശബരിമലഉത്സവത്തിന് എഴുന്നെള്ളിക്കാന്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു. പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഈ ആന നേരത്തെയും ശബ്ദം കേട്ട് വിരണ്ട്ഓടി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വിവരം ദേവസ്വം അധികാരികള്‍ക്ക് അറിവുള്ളതാണെന്നും ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു. 

ശബരിമല ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ് ഉത്സവവും ആറാട്ടും. പതിനായിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന ആ ചടങ്ങിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ വേറെ ഒട്ടേറെ ആനകള്‍ ഉണ്ടായിരുന്നിട്ടും ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരണ്ട് ഓടുന്ന ആനയെ ദേവസ്വം അധികാരികള്‍ എഴുന്നെള്ളത്തിനായി നിയോഗിച്ചത് നിരുത്തരവാദപരമാണെന്നാണ് ഭക്തരുടെ പക്ഷം. 

ആനപ്പുറത്തു നിന്നുള്ള വീഴ്ചയില്‍ ശാന്തിക്കാരനായ തൃശൂര്‍ സ്വദേശി വിനീതിന് സാരമായി പരിക്കേറ്റു. വിരണ്ട് ഓടിയ ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാപ്പാന്‍ കൃഷ്ണകുമാറിനും പരിക്കേറ്റു. ആനവിരണ്ട് ഓടിവരുന്നത് കണ്ട് ചിതറി ഓടുന്നതിനിടയില്‍ വീണ് നിരവധി ഭക്തര്‍ക്കും പരിക്കേറ്റു. ആനയുടെ ഇടത് പിന്‍കാലിലെ പെരുനഖം ഇളകിയിട്ടുമുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.