നെല്‍കര്‍ഷകരെ ചൂഷണം ചെയ്ത് ലാഭം കൊയ്യാന്‍ സ്വകാര്യ മില്ലുകള്‍; ഇടനിലക്കാരായി ഉദ്യോഗസ്ഥരും

Sunday 1 April 2018 2:00 am IST
അദ്ധ്വാനിച്ച് വിളയിക്കുന്ന നെല്ലിന്റെ ലാഭം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ട് എക്കാലവും സ്വകാര്യ മില്ലുകള്‍ കൊണ്ടുപോകുന്നു. കൊടുംചൂടും തോരാമഴയും നേരിട്ട് പാടത്ത് കൃഷിയിറക്കുന്ന കര്‍ഷകന് മിച്ചം കണ്ണീര്‍ മാത്രം.

 

കുറവിലങ്ങാട്: അദ്ധ്വാനിച്ച് വിളയിക്കുന്ന നെല്ലിന്റെ ലാഭം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ട് എക്കാലവും സ്വകാര്യ മില്ലുകള്‍ കൊണ്ടുപോകുന്നു. കൊടുംചൂടും തോരാമഴയും നേരിട്ട് പാടത്ത് കൃഷിയിറക്കുന്ന കര്‍ഷകന് മിച്ചം കണ്ണീര്‍ മാത്രം. 

കൊയ്ത്ത് ആരംഭിക്കുമ്പോള്‍ തന്നെ സ്വകാര്യമില്ലുടമകള്‍ ജില്ലയിലെ പ്രധാനപാടശേഖരങ്ങളിലും കുട്ടനാടന്‍ പാടശേഖരങ്ങളിലും ഇടനിലക്കാരുമായി ഇറങ്ങും. സപ്‌ളൈകോ വഴിയാണ് സ്വകാര്യ മില്ലുകള്‍ കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള രഹസ്യധാരണ പ്രകാരം കര്‍ഷകര്‍ക്ക് ശരിയായ വില ലഭിക്കുന്നില്ല. ജില്ലയില്‍ 35ല്‍ പരം മില്ലുകളാണ് നെല്ലുസംഭരണത്തിന് ഇടനിലക്കാരുമായി എത്തുന്നത്. ഇവര്‍ക്ക് എല്ലാവിധ സഹായവുമായി ഒരു പറ്റം ഉദ്യോഗസ്ഥരും കര്‍ഷകരെ പിഴിയുവാന്‍ രംഗത്തെത്തും. 

അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ വിളയുന്ന നെല്ലിന്റെ 60 ശതമാനവും കൈക്കലാക്കുന്നത് തട്ടിപ്പിലൂടെയാണ്. 100 കിലോ നെല്ലിന് ഈര്‍പ്പം, പതിര് എന്നിങ്ങനെ തൂക്കത്തിന്റെ 15 ശതമാനം കുറവ് വരുത്തി നെല്ല് സംഭരിച്ച് ലാഭം കൊയ്യാനാണ് സ്വകാര്യ മില്ലുകാര്‍ ഓടിയെത്തുന്നത്. ഈ വര്‍ഷം കര്‍ഷകരുടെ പ്രതിഷേധത്തിനൊടുവില്‍ തൂക്കക്കുറവ് ആറ് ശതമാനമാക്കി കുറച്ച് നെല്ല് സംഭരിക്കുവാന്‍ ചില മില്ലുകള്‍ മുന്നോട്ട് വന്നിരുന്നു. 

ചില സര്‍ക്കാര്‍ ജീവനക്കാര്‍ പകല്‍ കര്‍ഷകര്‍ക്കൊപ്പവും രാത്രി മില്ലുകാര്‍ക്കൊപ്പവും പ്രവര്‍ത്തിക്കുന്നതായും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കര്‍ഷകരില്‍ നിന്ന് 23 രൂപാ നിരക്കില്‍ നെല്ല് സപ്ലൈകോ സംഭരിക്കുമ്പോള്‍ ചില മില്ലുകള്‍ നേരിട്ട് 25 രൂപാ വരെ കൊടുക്കുന്നു. ഇതിലൂടെയാണ് തൂക്ക തട്ടിപ്പ് നടക്കുന്നത്. ഇതേ നിരക്കില്‍ വാങ്ങുന്ന നെല്ലാണ് അരിയാക്കി കിലോ 50 രൂപാ നിരക്കില്‍ പൊതുവിപണിയില്‍ എത്തിക്കുന്നത്. 

കോട്ടയം ജില്ലയിലെ പാടശേഖരങ്ങളില്‍ നിന്ന് ലഭിക്കുന്ന ഗുണമേന്മയുള്ള നെല്ല് അരിയാക്കി മില്ലുകാര്‍ സ്വന്തം ബ്രാന്‍ഡില്‍ കയറ്റുമതിയും നടത്തുന്നുണ്ട്. വൈക്കം, വെച്ചൂര്‍, കല്ലറ, നീണ്ടൂര്‍, ആര്‍പ്പൂക്കര, കുമരകം തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ലാണ് മില്ലുകാര്‍ ഇടനിലക്കാര്‍ മുഖേന വില കുറച്ച് കൈക്കലാക്കുന്നത്. 

ഇടനിലക്കാരുമായി വിലപേശല്‍ നടത്തി നെല്ല് വില്‍ക്കാതിരുന്നാല്‍ പിന്നീട് മില്ലുകാരും സപ്ലൈകോ ഉദ്യോഗസ്ഥരും ഈ നെല്ല് എടുക്കുവാന്‍ കൂട്ടാക്കില്ല. പിന്നീട് ഇവ പകുതിയിലധികം വില കുറച്ച് വില്‍ക്കേണ്ട ഗതികേടിലാകും കര്‍ഷകര്‍. 1500 രൂപാ നിരക്കില്‍ കൊയ്ത്ത് യന്ത്രവും ചുമട്ടുകൂലിയും വള്ളക്കൂലിയും കയറ്റുകൂലിയും കൊടുത്ത് റോഡില്‍ എത്തിച്ച് വില്‍ക്കുന്ന കര്‍ഷകന് 23 രൂപായില്‍ തൂക്കക്കുറവും കഴിച്ച് കിട്ടുന്നത് തുച്ഛമായ തുകയാണ്. മിക്ക കര്‍ഷകരും കൃഷിയിറക്കുന്നത് ബാങ്ക് വായ്പയെടുത്തും പലിശയ്ക്ക് പണം കടമെടുത്തുമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വെച്ചൂരില്‍ പ്രവര്‍ത്തിക്കുന്ന മില്ലില്‍ കൊയ്ത്തുകാലം ആരംഭിച്ചാല്‍ പിന്നെ നെല്ല് സംഭരണം നാമമാത്രമെന്നാണ് ആക്ഷേപം. കോട്ടയം ജില്ലയിലെ ചില പഞ്ചായത്തുകള്‍ നേരിട്ടും കര്‍ഷക സമിതികള്‍ മുഖേന കൃഷിവകുപ്പിന്റെ നേതൃത്വത്തിലും നെല്ല് കുത്തി വിപണിയില്‍ എത്തിക്കുന്നതാണ് ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഏക ആശ്വാസം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.