പിഴ പോലീസിന്റെ പോക്കറ്റില്‍; അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Sunday 1 April 2018 4:03 am IST

തിരുവനന്തപുരം: പിഴ ഈടാക്കുന്ന രസീതില്‍ കൃത്രിമം കാണിച്ച് പണം തട്ടുന്ന പോലീസുകാര്‍ക്കെതിരെ അനേ്വഷണം നടത്തി 30 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പെറ്റി കേസുകളില്‍ വന്‍ തുക പിഴ ഈടാക്കി സ്വന്തം പോക്കറ്റിലിടുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.

പോലീസുകാര്‍ തോന്നിയ മട്ടിലാണ് പൊതുജനങ്ങളില്‍ നിന്നും പെറ്റി കേസുകളില്‍ പിഴ ഈടാക്കുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടികാണിച്ചു. യാത്രക്കാരില്‍ നിന്നും 500 രൂപ പിഴവാങ്ങിയ ശേഷം അതേ തുക കാണിച്ച് രസീത് നല്‍കുമെങ്കിലും കൗണ്ടര്‍ ഫയലില്‍ 500 എന്നത് നൂറാക്കി തിരുത്തുമെന്നാണ് ആരോപണം.

പോലീസുകാരെ നിയമം കൈയിലെടുക്കാന്‍ അനുവദിക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു നല്‍കിയ പരാതിയില്‍ സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ അനേ്വഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.